Skip to main content

അനധികൃത ക്ഷേമസ്ഥാപനങ്ങൾക്കെതിരെ കർശന നടപടി: തൃശ്ശൂരിൽ 4 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ജില്ലയിൽ ആവശ്യമായ രജിസ്ട്രേഷനോ അംഗീകാരമോ ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത ക്ഷേമസ്ഥാപനങ്ങൾക്കെതിരെ കർശന നടപടികളുമായി ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ അംഗീകാരമില്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തിയ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. തൃശ്ശൂർ ആർ.ഡി.ഒ.യുടെ പരിധിയിലെ മൂന്ന് സ്ഥാപനങ്ങളും ഇരിങ്ങാലക്കുട ആർ.ഡി.ഒ.യുടെ പരിധിയിലെ ഒരു സ്ഥാപനവുമാണ് പൂട്ടിപ്പിച്ചത്. റവന്യൂ, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവർ ഉൾപ്പെട്ട പ്രത്യേക സ്ക്വാഡുകളുടെ പരിശോധനയെ തുടർന്നാണ് നടപടി.  ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല ഓർഫനേജ് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പരിശോധനകൾക്കായി സ്ക്വാഡുകൾ രൂപീകരിച്ചത്.

 ജില്ലയിലെ എല്ലാ ക്ഷേമസ്ഥാപനങ്ങളും കൃത്യമായ അംഗീകാരത്തോടും രജിസ്ട്രേഷനോടും കൂടെ മാത്രമേ പ്രവർത്തിക്കാവൂ എന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ഓർഫനേജ് കൺട്രോൾ ബോർഡ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ കളക്ടർ അറിയിച്ചു. 1960-ലെ ഓർഫനേജ് ആൻഡ് ചാരിറ്റബിൾ ഹോംസ് ആക്ട് (അധ്യായം 5) പ്രകാരം അംഗീകാരമില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നത് പിഴ ചുമത്താവുന്ന കുറ്റമാണ്.

date