ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലേക്ക് ചുവടുവെച്ച് ജില്ലാ ഭരണകൂടം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ എഐ ഇറ ഉദ്ഘാടനം ചെയ്തു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭരണനിർവഹണത്തിന് കരുത്താകുന്ന പുതിയ കാലഘട്ടത്തിലേക്ക് ചുവടുവെച്ച് എറണാകുളം ജില്ലാ ഭരണകൂടം. ജില്ലയിലെ 40,000-ത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം നൽകുന്ന എഐ ഇറ (എഐ- എറണാകുളം റവല്യൂഷനൈസിംഗ് അഡ്മിനിസ്ട്രേഷൻ) പദ്ധതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കാനുള്ള സാധ്യത നിലനിൽക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യ നമ്മുടെ ഭാവിയും ജീവിതവും തീരുമാനിക്കുമ്പോൾ, അതിനെ സ്വായത്തമാക്കാൻ സാധിച്ചില്ലെങ്കിൽ ടെക്നോളജി നമ്മളെ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാകും. സോഷ്യൽ മീഡിയ അൽഗോരിതങ്ങളും ക്ലിനിക്കൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന കാലഘട്ടമാണ്. ഈ കാലഘട്ടത്തിൽ പുതിയ കാര്യങ്ങൾ പഠിക്കാനും, പഠിച്ചവ മറക്കാനും, വീണ്ടും പഠിക്കാനും സാധിച്ചില്ലെങ്കിൽ എത്ര ബിരുദങ്ങളുണ്ടെങ്കിലും അവർ അക്ഷരാഭ്യാസമില്ലാത്തവരായി കണക്കാക്കപ്പെടുമെന്ന കാലഘട്ടമാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി എറണാകുളം കളക്ടറേറ്റിൽ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റുഡിയോ സ്ഥാപിക്കും. പ്രോംപ്റ്റ് എൻജിനീയറിംഗ്, ഡാറ്റാ വിശകലനം, സൈബർ സുരക്ഷ, ഭരണതലത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ജീവനക്കാർക്ക് വർഷം മുഴുവൻ വിദഗ്ധ പരിശീലനം ഉറപ്പാക്കും. ഐ.ടി. മിഷൻ, ഇൻഫോപാർക്ക്, എൻ.ഐ.സി, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കാക്കനാട് ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക, സബ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, ഇൻഫോ പാർക്ക് സി ഇ ഒ സുശാന്ത് കുറുന്തിൽ, ഐടി മിഷൻ ജില്ലാ കോഓഡിനേറ്റർ ചിഞ്ചു സുനിൽ ദത്ത് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments