Skip to main content

സാമൂഹ്യനീതിവകുപ്പ് മുതിര്‍ന്ന പൗരന്മാര്‍ക്കായി സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് നടത്തി

 

 

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജനറല്‍ ആശുപത്രി നേത്ര പരിശോധന മൊബൈല്‍ യൂണിറ്റിന്റെ സഹകരണത്തോടെ അടാട് ഗ്രാമപഞ്ചായത്ത് സായംപ്രഭ ഹോമിലെ മുതിര്‍ന്ന പൗരന്മാര്‍ക്കും പഞ്ചായത്തിലെ ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്കുമായി സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

 

സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ ദേവസ്സി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജിത്തു അടാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍ പ്രദീപന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുജ അലോഷ്യസ്, ജില്ലാ ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ വി.കെ രവി, നേത്ര രോഗവിദഗ്ധന്‍ ഡോ. ഷാലോസ് നോവ ബി.വി, ഓപ്‌റ്റോമെട്രിസ്റ്റ് മീര ബാലകൃഷ്ണന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ബിന്‍സി ജോസ്, സാമൂഹ്യനീതി വകുപ്പ് സായംപ്രഭ മാനേജര്‍/ഫെസിലിറ്റേറ്റര്‍ മാര്‍ഷല്‍ സി. രാധാകൃഷ്ണന്‍, എഫ്.ആര്‍.ഒ ബിനി സെബാസ്റ്റ്യന്‍, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥന്‍ ടി. അജി എന്നിവര്‍ സംസാരിച്ചു. സായംപ്രഭ കെയര്‍ ഗിവര്‍ ഷൈനി വിത്സണ്‍, ആശാവര്‍ക്കര്‍ സുനിത രവി എന്നിവര്‍ ക്യാമ്പില്‍ മുതിര്‍ന്നപൗരന്മാര്‍ക്ക് സേവനങ്ങള്‍ നല്‍കി. 

 

കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ 'അടല്‍ വയോ അഭ്യുദയ യോജന' പദ്ധതി പ്രകാരം 'തിമിര രഹിത ഇന്ത്യ' എന്ന ലക്ഷ്യത്തോടെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ ജില്ലാതലത്തില്‍ സംഘടിപ്പിക്കും. കോര്‍പ്പറേഷന്‍ പരിധിയിലെ ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട നൂറ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍ പ്രദീപന്‍ അറിയിച്ചു.

 

date