Skip to main content

എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും  വാര്‍ഷികപദ്ധതിഭേദഗതിക്ക് അംഗീകാരം

 

ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകള്‍, 11 ബ്ലോക്ക്പഞ്ചായത്തുകള്‍, 4 മുനിസിപ്പാലിറ്റികള്‍, ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ ഉള്‍പ്പടെ ജില്ലയിലെ 85 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും വാര്‍ഷികപദ്ധതിഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി (അഡ്‌ഹോക്) അംഗീകാരം നല്‍കി.  ചെയര്‍പേഴ്‌സനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡോ. ആര്‍. ലതാദേവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഉല്ലാസ്. ജി, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

2026-27 സാമ്പത്തികവര്‍ഷത്തില്‍ ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ക്ക് സ്പില്‍ ഓവര്‍ ബാധ്യതകുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ നിര്‍ദേശിച്ചു. എബിസി പ്രോഗ്രാമുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍, ഭിന്നശേഷികുട്ടികളുടെ സ്‌കോളര്‍ഷിപ്പ്, സ്‌കൂള്‍ടൊയിലെറ്റിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള പ്രോജക്ടുകള്‍,  പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള വിവാഹധനസഹായം, മിശ്രവിവാഹധനസഹായം  എന്നിവ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ മുന്‍ഗണന നല്‍കി ഏറ്റെടുത്തിട്ടുള്ളതായും വ്യക്തമാക്കി. ജീവനംപദ്ധതിക്കായി മതിയായതുക വകയിരുത്താത്ത തദ്ദേശ ഭരണസ്ഥാപനങ്ങള്‍ അടുത്തഭേദഗതിയില്‍ നപടപടി സ്വീകരിക്കണം.

സമയബന്ധിതമായി വാര്‍ഷികപദ്ധതി ഭേദഗതിവരുത്തിസമര്‍പിച്ച കൊല്ലം കോര്‍പറേഷന്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍, പരവൂര്‍ മുനിസിപ്പാലിറ്റികളെ യോഗം അഭിനന്ദിച്ചു.   ഡിപിസി ക്ലിയറന്‍സ് ലഭിച്ച പ്രോജക്ടുകള്‍ അടിയന്തരമായി വെറ്റിംഗ് നടത്തി നിര്‍വഹണത്തിലേക്ക് കടക്കണമെന്നും ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ആവശ്യമായ പ്രോജക്ടുകളുടെ ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കുന്നതിനായി ഗ്രാമസഭകള്‍ ചേര്‍ന്ന്  ലിസ്റ്റ് സമയബന്ധിതമായി തയ്യാറാക്കി നിര്‍വഹണഉദ്യോഗസ്ഥര്‍ക്കും സംയുക്ത പ്രോജക്ടുകളുടേത് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കും നല്‍കണമെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
 
 

date