സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി ബിന്ദു കൃഷ്ണ
സുരക്ഷിതമായ തൊഴിലിടം ഓരോ തൊഴിലാളിയുടെയും മൗലിക അവകാശമാണെന്നും തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അപകടരഹിത തൊഴിലിടം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
തൊഴിലിടങ്ങളിലെ അപകടങ്ങൾ ഒഴിവാക്കുന്നത് ഉത്പാദനം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും ചെലവ് കുറച്ച് ഗുണനിലവാരം ഉറപ്പാക്കാനും സഹായിക്കും. അപകടമുണ്ടാകുമ്പോൾ മാത്രം സുരക്ഷയെക്കുറിച്ച് ജാഗ്രത പുലർത്തുന്ന രീതി മാറ്റി സ്ഥിരമായ സുരക്ഷാ ജാഗ്രത ഉറപ്പാക്കണം. സംരംഭകർക്ക് ധൈര്യമായി നിക്ഷേപിക്കാനും തൊഴിലാളികൾക്ക് ഭയമില്ലാതെ ജോലി ചെയ്യാനുമുള്ള സാഹചര്യമൊരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തൊഴിലുടമ-തൊഴിലാളി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കും. തൊഴിലാളികളുടെ സംതൃപ്തിയും സുരക്ഷയും ഉറപ്പാകുമ്പോഴാണ് സ്ഥാപനങ്ങൾക്കും വ്യവസായങ്ങൾക്കും യഥാർഥ അഭിവൃദ്ധിയുണ്ടാകുന്നത്. ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളെ നിയമവിരുദ്ധമായി അമിതനേരം ജോലി ചെയ്യിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് കർശന നിരീക്ഷണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതിയ വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്ന സർക്കാർ അനുമതി നടപടികൾ ലളിതമാക്കിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ എല്ലാം ഒരു സ്ഥലത്തുനിന്ന് തന്നെ ലഭ്യമാക്കാനുള്ള സൗകര്യവും നടപ്പാക്കിയിട്ടുണ്ട്. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സ്വമേധയാ അതിനായി രജിസ്റ്റർ ചെയ്യണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അപകടരഹിത തൊഴിലിടം പദ്ധതി സംബന്ധിച്ച ലഘുലേഖ മന്ത്രി ബിന്ദു കൃഷ്ണ ചടങ്ങിൽ പ്രകാശനം ചെയ്തു. ഫാക്ടറീസ് & ബോയിലേഴ്സ് ഡയറക്ടർ ഇൻ ചാർജ് സൂരജ് കൃഷ്ണൻ, ജില്ലാ തൊഴിൽ കേന്ദ്രം മാനേജർ ദിനേഷ്, ഉദ്യോഗസ്ഥർ, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 3203/2026
- Log in to post comments