Skip to main content

പിറവം മണ്ഡലത്തിലെപൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നിര്‍ദ്ദേശം 

 

തിരുവനന്തപുരം: മന്ത്രി അനൂപ് ജേക്കബ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറുമായി പിറവം നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി.

സെക്രട്ടറിയേറ്റില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ ചേംബറില്‍ നടന്ന അവലോകനയോഗത്തില്‍ പിഡബ്ല്യുഡി റോഡ്, കെട്ടിടം, പാലം വിഭാഗങ്ങള്‍ കൂടാതെ ദേശീയപാത, കെഎസ്ടിപി ചീഫ് എന്‍ജിനീയര്‍മാരും ഉദ്യോഗസ്ഥരും സംബന്ധിച്ചു. പിറവം എക്‌സൈസ് കടവ് പാലം നിര്‍മ്മിക്കാന്‍ ആവശ്യമായ എസ്റ്റിമേറ്റും ഡിസൈനും സമയബന്ധിതമായി തയാറാക്കണമെന്ന് യോഗം നിര്‍ദ്ദേശം നല്‍കി. സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡില്‍ ഇരുമ്പനം പുതിയറോഡ് മുതല്‍ ചിത്രപ്പുഴ പാലം വരെയുള്ള ഭാഗം നാലുവരിയാക്കലിനുള്ള എസ്റ്റിമേറ്റ് വേഗത്തില്‍ തയാറാക്കാന്‍ പൊതുമരാമത്ത് മന്ത്രി നിര്‍ദ്ദേശിച്ചു.

എംസി റോഡില്‍ നിന്ന് ചോരക്കുഴി- ഉപ്പുകണ്ടം റോഡ് നവീകരിക്കുന്നതു വഴി കൂത്താട്ടുകുളം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ ഒഴിവാക്കാന്‍ കഴിയുമെന്നും ഭാവിയില്‍ ബൈപാസായി വികസിപ്പിക്കാമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

പാഴൂര്‍- പേപ്പതി ബൈപ്പാസ് റോഡിനായി സ്ഥലം ഏറ്റെടുത്ത് സമാന്തര റോഡ് നിര്‍മ്മിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.  സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് തുടങ്ങി ഇരുമ്പനം ട്രാക്കോ കേബിള്‍ കമ്പനി വഴിയുള്ള എരൂര്‍ റോഡ് വീതി കൂട്ടി നവീകരിക്കാനുള്ള സാധ്യത പരിശോധിക്കും.

മണ്ഡലത്തിലെ കെ.എസ്.ടി.പി. പ്രവൃത്തികളിലെ മന്ദഗതി ഒഴിവാക്കി സമയബന്ധിതമായി തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കി. മണീട് ഗവ. ഹൈസ്‌കൂളില്‍ രണ്ടുകോടിയുടെ കെട്ടിട നിര്‍മ്മാണം ഇതുവരെ തുടങ്ങിയില്ലെന്നും സാങ്കേതിക തടസം അടിയന്തരമായി പരിഹരിച്ച് ടെണ്ടര്‍ നടപടി ആരംഭിക്കാനും നിര്‍ദ്ദേശം നല്‍കി.

സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ചിത്രപ്പുഴ- മാമല ബണ്ട് റോഡ് ടെണ്ടര്‍ നടപടി ആരംഭിക്കുമെന്ന് പിഡബ്ല്യുഡി മന്ത്രി ഉറപ്പു നല്‍കി.

ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി പിറവം മണ്ഡലത്തിലെ മൂന്നുറോഡുകള്‍ നവീകരിക്കാന്‍ ഭരണാനുമതി നല്‍കണമെന്ന് മന്ത്രി അനൂപ് ജേക്കബ്
അഭ്യര്‍ഥിച്ചു. സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്ന് അടുത്തവര്‍ഷത്തെ സഹായം ലഭിക്കാനായി 3 പ്രവൃത്തികളുടെ ടെണ്ടര്‍ പ്രവൃത്തികളുടെ പട്ടിക നല്‍കിയിട്ടുണ്ട്.  
പിറവം- കൂത്താട്ടുകുളം പ്രധാന റോഡില്‍ വാളിയപ്പാടത്ത് നിലവിലുള്ള കലുങ്ക് പാലമാക്കി മാറ്റുവാന്‍ എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് മന്ത്രി നിര്‍ദ്ദേശം നല്‍കി.

date