Skip to main content

ഓണാഘോഷങ്ങൾക്ക് ഹരിത ചട്ടം നിർബന്ധം: ജില്ലാ കളക്ടർ ‘ഹരിത ഓണം 2026’ ലോഗോ പ്രകാശനം ചെയ്തു

 

ജില്ലയിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പൂർണമായും ഹരിത ചട്ടം പാലിച്ച് പരിസ്ഥിതി സൗഹൃദമായി സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക. ഇതിന്റെ ഭാഗമായി ‘ഹരിത ഓണം 2026’ ലോഗോ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു.

ഓണവുമായി ബന്ധപ്പെട്ട് ജില്ലയിൽ സംഘടിപ്പിക്കുന്ന എല്ലാ ആഘോഷപരിപാടികളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഡിസ്പോസിബിൾ ഉത്പന്നങ്ങൾ പൂർണമായും ഒഴിവാക്കണം. പകരം പുനരുപയോഗിക്കാവുന്നതും പ്രകൃതി സൗഹൃദവുമായ ഉത്പന്നങ്ങൾ ഉപയോഗിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

പ്ലാസ്റ്റിക് കുപ്പിവെള്ളം, പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, പേപ്പർ ഇലകൾ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് തോരണങ്ങൾ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കണം. ഭക്ഷണ വിതരണത്തിന് സ്റ്റീൽ കപ്പുകളും പാത്രങ്ങളും, സ്റ്റീൽ ബോട്ടിലുകളും, വാഴയിലയും മറ്റ് പുനരുപയോഗിക്കാവുന്ന പാത്രങ്ങളും ഉപയോഗിക്കണം. ക്യാരി ബാഗുകൾക്ക് പകരം തുണി സഞ്ചികളും പേപ്പർ കവറുകളും ഉപയോഗിക്കാം. അലങ്കാരങ്ങൾക്കായി പൂക്കൾ, ഇലകൾ, തുണി, മുള തുടങ്ങിയ പ്രകൃതിദത്തവും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കൾ ഉപയോഗിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

ആഘോഷ പരിപാടികൾ നടക്കുന്ന വേദികളിൽ മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിനാവശ്യമായ ബിന്നുകൾ സ്ഥാപിക്കണം. ജൈവ, അജൈവ മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ച് അനുയോജ്യമായ സംവിധാനത്തിലൂടെ ശാസ്ത്രീയമായി സംസ്കരിക്കുകയോ കൈമാറുകയോ ചെയ്യണം. പരിപാടികൾ അവസാനിച്ച ഉടൻ ആഘോഷ വേദിയും പരിസരവും പൂർണമായും ശുചീകരിച്ച് മാലിന്യമുക്തമാക്കണം.
ഹരിത ചട്ടം എന്നത് മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. ആഘോഷങ്ങളിലൂടെ ഉണ്ടാകുന്ന മാലിന്യം ശാസ്ത്രീയമായി തരംതിരിച്ച് സംസ്കരിക്കുകയും പ്രകൃതിയിലേക്ക് മാലിന്യം എത്തുന്നത് തടയുകയും ചെയ്യുക എന്നതും പ്രധാന ലക്ഷ്യമാണ്. ഓണാഘോഷങ്ങൾ കൂടുതൽ ഹരിതവും ശുചിത്വപൂർണവുമാക്കുന്നതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളും സംഘടനകളും ഓഫീസുകളും ഹരിത ചട്ടം കർശനമായി പാലിക്കണമെന്നും, പരിപാടിക്ക് മുമ്പ് തന്നെ ആവശ്യമായ മാലിന്യസംസ്കരണ സംവിധാനങ്ങളും മറ്റ് ഹരിത ക്രമീകരണങ്ങളും ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.

ജില്ലാ കളക്ടറുടെ ചേംബറിൽ  നടന്ന പരിപാടിയിൽ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. ശീതൾ ജി മോഹൻ, അസിസ്റ്റന്റ് കോർഡിനേറ്റർ കെ ജെ ലിജി (ഐ ഇ സി )എന്നിവർ പങ്കെടുത്തു.

date