Skip to main content

*അന്താരാഷ്ട്ര ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു*

 

 

നശാമുക്ത് ഭാരത് അഭിയാന്റെ ഭാഗമായി തൃശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. തൃശൂരിലെ ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍ നടന്ന പരിപാടിയില്‍ എന്‍.എസ്.എസ്, എസ്.പി.ജി, എസ്.പി.സി, സി.പി.ജി പ്രവര്‍ത്തകര്‍, അധ്യാപക കോര്‍ഡിനേറ്റര്‍മാര്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍മാര്‍, 50 മാസ്റ്റര്‍ വോളണ്ടിയര്‍മാര്‍ എന്നിവരടക്കം 250 പേര്‍ പങ്കെടുത്തു.

 

ലഹരി ദുരുപയോഗത്തിന്റെ ശാരീരിക, മാനസിക, സാമൂഹിക പ്രത്യാഘാതങ്ങള്‍, ലഹരിയിലേക്ക് നയിക്കുന്ന ഘടകങ്ങള്‍, വിദ്യാര്‍ത്ഥികളിലെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍, നേരത്തെയുള്ള ഇടപെടല്‍, ചികിത്സ, പുനരധിവാസം, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പങ്ക് എന്നിവ പരിപാടിയില്‍ വിശദമായി ചര്‍ച്ച ചെയ്തു.

 

സൈക്യാട്രി വിദഗ്ധന്‍ ഡോ. സെബിന്ത് കുമാര്‍ ലഹരി ആസക്തിയുടെ ശാസ്ത്രീയ വശങ്ങള്‍ വിശദീകരിച്ചു. അഡ്വ. ചാര്‍ലി പോള്‍ ലഹരിയിലേക്ക് നയിക്കുന്ന സാമൂഹികവും വ്യക്തിപരവുമായ ഘടകങ്ങളെ പ്രവര്‍ത്തനാധിഷ്ഠിത രീതിയില്‍ അവതരിപ്പിച്ചു. എക്‌സൈസ് വിമുക്തി മിഷന്‍ തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള ലഹരി പ്രതിരോധ മാര്‍ഗ്ഗങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു.

 

റെയില്‍വേ സുരക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക സെഷനില്‍ എസ്.ഐ ഷിനോജ്കുമാര്‍, സി.ഐ. ഗീതു, ഡ്രൈവര്‍ രാജീവ് എന്നിവര്‍ റെയില്‍വേ ട്രാക്കിലെ അപകടങ്ങള്‍, അനധികൃതമായി ട്രാക്കില്‍ പ്രവേശിക്കല്‍, മൊബൈല്‍ ഫോണ്‍-ഇയര്‍ഫോണ്‍ ഉപയോഗം, ലഹരി ഉപയോഗം മൂലമുള്ള ശ്രദ്ധക്കുറവ് തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നല്‍കി.

 

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, കൗണ്‍സിലര്‍മാര്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പൊതുസമൂഹം എന്നിവരുടെ കൂട്ടായ ഇടപെടലിലൂടെ മാത്രമേ ഫലപ്രദമായ ലഹരി പ്രതിരോധം സാധ്യമാകു. ലഹരി പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് കുറ്റപ്പെടുത്തലിന് പകരം ചികിത്സ, കൗണ്‍സലിംഗ്, പുനരധിവാസം, സാമൂഹിക പിന്തുണ എന്നിവ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ബോധവത്ക്കരണ ക്ലാസില്‍ ചര്‍ച്ച ചെയ്തു.

 

''ലഹരി അല്ല, ജീവിതമാണ് ലഹരി'' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ലഹരിമുക്ത സമൂഹത്തിനായുള്ള കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന ആഹ്വാനത്തോടെ പ്രതിജ്ഞ എടുക്കുകയും ചെയ്തുകൊണ്ട് പരിപാടി സമാപിച്ചു.

 

പരിപാടിയില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍ പ്രദീപന്‍, സീനിയര്‍ സൂപ്രണ്ട് സിനോ സേവി, സായംപ്രഭ ഹോം ഫെസിലിറ്റേറ്റര്‍ മാര്‍ഷല്‍ സി. രാധാകൃഷ്ണന്‍, ആര്‍.ആര്‍.ടി എഫ്.ആര്‍.ഒ ബിനി സെബാസ്റ്റ്യന്‍, എം.ഡബ്യു.പി.എസ്.സി മെയ്ന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്‌നിക്കല്‍ അസി. അമല്‍ ചന്ദ്രന്‍ എം.സി., എന്‍.എം.ബി.എ കോര്‍ഡിനേറ്റര്‍ പി.എസ്. ജയപ്രിയ, ഒ.സി.ബി കൗണ്‍സിലര്‍ മാല രമണന്‍ എന്നിവര്‍ സംസാരിച്ചു.

date