സപ്ലൈകോ ജില്ലാ ഓണം ഫെയറിന് വന്‍ വരവേല്‍പ്പ്; ആകര്‍ഷകമായ ഓഫറുകളും സമ്മാനപദ്ധതികളും
ഓണക്കാല വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാനുമായി സപ്ലൈകോ കോട്ടമൈതാനത്ത് ഒരുക്കിയ ജില്ലാ ഓണം ഫെയറിന് വന്‍സ്വീകാര്യത. ഓഗസ്റ്റ് 13ന് ആരംഭിച്ച മേളയില്‍ ഇതുവരെ 1,588 ഉപഭോക്താക്കളിലായി 15,73,302 രൂപയുടെ വിറ്റുവരവ് ഉണ്ടായാതായി സപ്ലൈകോ പാലക്കാട് ഡിപ്പോ മാനേജര്‍ അറിയിച്ചു. ഇതില്‍ സബ്സിഡി ഇനത്തില്‍ 7.20 ലക്ഷം രൂപയുടെയും നോണ്‍-സബ്സിഡി ഇനത്തില്‍ 8.53 ലക്ഷം രൂപയുടെയും വില്‍പന നടന്നു. രാവിലെ 10 മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തനസമയം. ജില്ലാ ഫെയറിന് പുറമെ, ഓഗസ്റ്റ് 20 മുതല്‍ 25 വരെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണം ഫെയറുകള്‍ ഉണ്ടായിരിക്കും.
13 ഇനം അവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കിലാണ് സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്നത്. പൊതുവിപണിയില്‍ കിലോയ്ക്ക് 308 രൂപയോളം വിലയുള്ള വറ്റല്‍ മുളക് 136.50 രൂപയ്ക്കും, 140 രൂപയ്ക്ക് മുകളിലുള്ള പരിപ്പ്, ഉഴുന്ന്, ചെറുപയര്‍ എന്നിവ യഥാക്രമം 83, 87, 85 രൂപ നിരക്കിലും ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ 249 ആയിരുന്ന വെളിച്ചെണ്ണ കഴിഞ്ഞദിവസം മുതല്‍ 229 രൂപയ്ക്ക് ലഭ്യമാണ്. പഞ്ചസാര, വിവിധയിനം അരികള്‍, കടല, വന്‍പയര്‍, മല്ലി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെല്ലാം പൊതുവിപണിയേക്കാള്‍ വലിയ വിലക്കുറവിലാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. 27 രൂപയുടെ പുഴുക്കലരി ഒരു കാര്‍ഡിന് 20 കിലോയും വാങ്ങാം. ഇതിനുപുറമെ സപ്ലൈകോയുടെ 'ശബരി' ഉല്‍പ്പന്നങ്ങള്‍, കറി പൗഡറുകള്‍, ചായപ്പൊടി, പ്രമുഖ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക കോമ്പോ ഓഫറുകളും വന്‍ വിലക്കിഴിവുകളും ഫെയറില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മില്‍മ, ഹോര്‍ട്ടികോര്‍പ്പ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സ്റ്റാളുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഓണത്തിനാവശ്യമായ പച്ചക്കറിയും പാലും ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളും ഒരൊറ്റ കുടക്കീഴില്‍ വാങ്ങാന്‍ സാധിക്കും.
റേഷന്‍ കടകള്‍ വഴി എ.എ.വൈ (മഞ്ഞ കാര്‍ഡ്) കാര്‍ഡുടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും തുണിസഞ്ചി ഉള്‍പ്പെടെ 16 ഇനങ്ങള്‍ അടങ്ങിയ സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതിനൊപ്പം, പൊതുജനങ്ങള്‍ക്കായി ആകര്‍ഷകമായ വിലയില്‍ നാലുതരം പ്രത്യേക ഓണക്കിറ്റുകളും സപ്ലൈകോ അവതരിപ്പിച്ചിട്ടുണ്ട്. 21 ഇനങ്ങള്‍ അടങ്ങിയ 'അത്തം കിറ്റ്' (1000 രൂപ), 25 ഇനങ്ങള്‍ അടങ്ങിയ 'ഉത്രാടം കിറ്റ്' (1500 രൂപ), 30 ഇനങ്ങള്‍ അടങ്ങിയ 'തിരുവോണം കിറ്റ്' (2000 രൂപ) എന്നിവയ്ക്ക് പുറമെ ശബരിയുടെ ഒമ്പത് വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ 'ശബരി സിഗ്‌നേച്ചര്‍ കിറ്റ്' വെറും 299 രൂപയ്ക്കും ലഭ്യമാണ്.
ഉപഭോക്താക്കള്‍ക്കായി ആവേശകരമായ സമ്മാനപദ്ധതികളാണ് ഇത്തവണ സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. ഫെയറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി 500 രൂപ, 1000 രൂപ നിരക്കുകളിലുള്ള ഓണം ഗിഫ്റ്റ് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഗിഫ്റ്റ് കാര്‍ഡുകള്‍ റെഡീം ചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് ലാപ്‌ടോപ്പ് സമ്മാനമായി നല്‍കും. കൂടാതെ, 1000 രൂപയുടെ ഓരോ പര്‍ച്ചേസിനും നല്‍കുന്ന ഗിഫ്റ്റ് കൂപ്പണ്‍ വഴി ഹീറോ മാവ്‌റിക് 440 മോട്ടോര്‍ സൈക്കിള്‍, സ്വര്‍ണ നാണയങ്ങള്‍, വാഷിംഗ് മെഷീന്‍, സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങി ഒട്ടനവധി ആകര്‍ഷക സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഇതിനുപുറമെ 1500 രൂപയ്ക്ക് മുകളില്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 100 രൂപയുടെ ബോണസ് കൂപ്പണും നല്‍കുന്നുണ്ട്. മിതമായ വിലയും ഗുണമേന്മയും ആകര്‍ഷകമായ സമ്മാനങ്ങളുമായി ഓഗസ്റ്റ് 25 വരെ സജ്ജമായിരിക്കുന്ന സപ്ലൈകോ ഓണം ഫെയറിന്റെ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
- Log in to post comments