Skip to main content

ഓണം മഹാഘോഷയാത്രയും പൊതുസമ്മേളനവും: ഉദ്ഘാടനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും

കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടിയായ 'തകൃതോണം' സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല  ഉദ്ഘാടനം ചെയ്യുമെന്ന്  സംഘാടക സമിതി ചെയർമാനും സംസ്ഥാന കായിക-യുവജന ക്ഷേമ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായ അഡ്വ. ഒ.ജെ. ജനീഷ്, ജനറൽ കൺവീനറും കൊടുങ്ങല്ലൂർ നഗരസഭാ അധ്യക്ഷയുമായ ഹണി പീതാംബരൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
 
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നഗറിൽ (ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ) ഓഗസ്റ്റ് 21 മുതൽ 25 വരെയാണ് ആഘോഷപരിപാടികൾ നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും മന്ത്രി ഒ.ജെ ജനീഷ് അറിയിച്ചു.

ഓഗസ്റ്റ് 21-ന് രാവിലെ നടത്തുന്ന ലഹരിക്കെതിരെയുള്ള 'തൂഫാൻ' മിനി മാരത്തോണോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് വൈകീട്ട് കൊടുങ്ങല്ലൂർ നഗരം ചുറ്റിയുള്ള വർണാഭമായ ഘോഷയാത്രയ്ക്ക് ശേഷം നടത്തുന്ന പൊതുസമ്മേളനം ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, എ.ഡി.എസ്, അംഗൻവാടി അധ്യാപകർ, ആശാ വർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, വിദ്യാലയങ്ങളിലെ എൻ.സി.സി, സ്കൗട്ട്, എസ്.പി.സി അംഗങ്ങൾ എന്നിവരും പൊതുജനങ്ങളും ഘോഷയാത്രയിൽ പങ്കാളികളാകും. ആകർഷകമായ കലാരൂപങ്ങളും ടാബ്ലോകളും വാദ്യഘോഷങ്ങളും മത്സര അടിസ്ഥാനത്തിലാണ് ഘോഷയാത്രയിൽ ക്രമീകരിച്ചിരിക്കുന്നത്.

സമ്മേളന നഗരിയിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കാർഷിക, വ്യവസായിക, ശാസ്ത്ര-സാങ്കേതിക പ്രദർശനം 40 സ്റ്റാളുകളിലായി സംഘടിപ്പിച്ചിട്ടുണ്ട്. ഐ.എസ്.ആർ.ഒ, എ.ഐ സ്പേസ് ലാബ് തുടങ്ങിയവയുടെ വിജ്ഞാനപ്രദമായ സ്റ്റാളുകളും ഫുഡ് പാർക്കുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തിരുവാതിരകളി, കൈകൊട്ടിക്കളി, മലയാളി മങ്ക മത്സരം, പുരുഷ കേസരി മത്സരം, ബോഡി ഷോ വിത്ത് മ്യൂസിക് തുടങ്ങിയ മത്സരങ്ങളും കലാമേളകളും അഞ്ചുദിവസങ്ങളിലായി നടക്കും. അവസാന ദിവസം അഖില കേരള പ്രൊഫഷണൽ വടംവലിയും പ്രാദേശിക ടീമുകൾക്കായും പ്രത്യേകം വടംവലി മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.

24ന് അഞ്ചു ജോസഫ് നയിക്കുന്ന സ്റ്റേജ് ഷോ, സമാപനദിവസം  സയനോര നയിക്കുന്ന ലൈവ് മ്യൂസിക് ബാൻഡ് എന്നിവ അരങ്ങേറും. പഞ്ചാബി, കാശ്മീരി നൃത്തങ്ങൾ, ഡി.ജെ എന്നിവ ഉൾപ്പെടുത്തിയുള്ള പ്രോഗ്രാമുകൾക്ക് പുറമെ, കൊടുങ്ങല്ലൂർ ടൗൺ വർണ്ണദീപങ്ങളാൽ അലങ്കരിക്കാനും നൈറ്റ് ഷോപ്പിങ്ങിനുള്ള അവസരമൊരുക്കാനും കൊടുങ്ങല്ലൂരിലെ വ്യാപാരി സമൂഹം മുന്നോട്ടുവന്നിട്ടുണ്ട്.

രാത്രി വൈകി മടങ്ങുന്നവർക്കായി കെ.എസ്.ആർ.ടി.സി, പി.ബി.ഒ.എ ബസ് സർവീസുകൾ കൂടുതലായി ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങളുടെ വിവിധ ദിവസങ്ങളിലായി മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ റോജി എം. ജോൺ, അബ്ദുൽ ഗഫൂർ, ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ കെ.കെ. വത്സരാജ്, രമേഷ് പിഷാരടി, തോമസ് ഉണ്ണിയാടൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, മുൻ എം.എൽ.എമാരായ ടി.എൻ. പ്രതാപൻ, അഡ്വ. വി.ആർ. സുനിൽകുമാർ, ടി.യു. രാധാകൃഷ്ണൻ, എ.കെ. ചന്ദ്രൻ, ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യർ, ഭാമ, ധ്യാൻ ശ്രീനിവാസൻ, ആന്റണി വർഗീസ് (പെപ്പേ) തുടങ്ങിയവർ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ പരിപാടിയിൽ ആദരിക്കും.

തദ്ദേശസ്വയംഭരണവകുപ്പ്, പൊലീസ്, ഫയർഫോഴ്സ്, എക്സൈസ്, ആരോഗ്യ വകുപ്പ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെ പൂർണ്ണ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമായിരിക്കും.

 

date