ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി
ഓണസമയത്ത് കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കുന്നതിനായി കുമളി ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു. പീരുമേട് എം.എല്‍.എ അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ലാബിന്റെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മാത്രമേ കേരളത്തിലേയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ക്ക് കൊണ്ടുവരാന്‍ അനുവദിക്കകുകയുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് അറിയിച്ചു.
ജൂലൈ അവസാന ആഴ്ചയില്‍ തുടങ്ങിയ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിവിധ പരിപാടികളുടെ തുടര്‍ച്ചയാണിത്. ഓണക്കാലത്ത് മലയാളികള്‍ ഉപയോഗിക്കുന്ന എല്ലാവിധ ഭക്ഷ്യവസ്തുക്കളുടേയും സാമ്പിള്‍ ശേഖരിച്ചു പരിശോധിക്കുന്നുണ്ട്. ഹോട്ടലുകള്‍, ചിപ്‌സ് നിര്‍മ്മാണ യൂനിറ്റുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇതുവരെ ജില്ലയില്‍ 257 പരിശോധനകളാണ് നടത്തിയത്. 25 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 18 സ്ഥാപനങ്ങള്‍ക്ക് കോംപൌണ്ടിംഗ് നോട്ടീസും ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്‌മെന്റ് നോട്ടീസും നല്‍കി. 42 സ്റ്റാറ്റിയൂട്ടറി സാമ്പിളും 79 സര്‍വേയലന്‍സ് സാമ്പിളും പരിശോധിച്ചു.
ദേവികുളം സര്‍ക്കിളിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകളുടെ അടിസ്ഥാനത്തില്‍ ദേവികുളം ഭക്ഷ്യസുരക്ഷാ ഓഫീസില്‍ നടന്ന ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തില്‍ 16 കച്ചവടക്കാരില്‍ നിന്ന് 34000 രൂപ പിഴ ഈടാക്കി. സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങിയ ശേഷം 1,56,000 രൂപയാണ് ഇടുക്കി ഡെസിഗ്‌നേറ്റ് ഓഫീസര്‍ പിഴ ചുമത്തിയത്. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന പെരുത്തോസ് കിച്ചണ്‍ എന്ന സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. ലൈസന്‍സ് ഇല്ലാതെയും വൃത്തിഹീനമായി സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിനുമാണ് പിഴ.
ദേവികുളം സര്‍ക്കിളില്‍ ആനച്ചാലില്‍ പ്രവര്‍ത്തിക്കുന്ന പുത്തന്‍പുരയ്ക്കല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിന് ദേവികുളം ആര്‍.ഡി.ഒ 5000 രൂപ പിഴ ചുമത്തി.
ഓണസദ്യയില്‍ ഏറ്റവും മുഖ്യമായ ഒന്നാണ് വാഴയില. ഇത് ഭക്ഷണം എന്ന ഗണത്തില്‍പ്പെടുന്നില്ലെങ്കിലും ഭക്ഷ്യവസ്തുക്കളുടെ സുരക്ഷപോലെ തന്നെ പ്രധാനപ്പെട്ടതാണ്. ഇലയ്ക്കുവേണ്ടി മാത്രം വാഴ വളര്‍ത്തുന്നുണ്ട്. വാഴയില കഴുകി, വൃത്തിയുള്ള തുണികൊണ്ടോ ടിഷ്യു പേപ്പര്‍ കൊണ്ടോ വൃത്തിയായി തുടച്ചശേഷം സദ്യ വിളമ്പേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഓര്‍മ്മിപ്പിച്ചു.
ഭക്ഷ്യസംബന്ധമായ പരാതികള്‍ക്ക് 1800 425 1125 എന്ന നമ്പറില്‍ ബന്ധപ്പെടാം.
- Log in to post comments