കലാസ്വാദകരുടെ മനം നിറച്ച് നിശാഗന്ധി
പഞ്ചവാദ്യവും ചെണ്ട മേളവും നൃത്തവും മ്യൂസിക് ലൈവുമായി കനകക്കുന്നിൽ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനദിനം കളറായി. പ്രശസ്ത ഗായകൻ കെ എസ് ഹരിശങ്കറും സംഘവും അവതരിപ്പിച്ച സംഗീത പരിപാടി കാണികളെ ആവേശത്തിലാക്കി.
തന്റെ ജനപ്രിയ ഗാനങ്ങളായ 'പവിഴമഴയേ', 'നീ ഹിമമഴയായ്', 'ആലോലം', 'കാമിനി' എന്നിവയ്ക്കൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളും ഹരിശങ്കർ വേദിയിൽ ആലപിച്ചു. ആനന്ദ്(കീബോർഡ്), അലോയ്( ഡ്രംസ്), സാൻവിൻ(ഫ്ലൂട്ട്), അഭിജിത്ത്( ബേസിസ്റ്റ്), ജോഷ്വാ ( ലീഡ് ഗിത്താർ), സച്ചിൻ( സൗണ്ട് എഞ്ചിനീയർ), സെബിൻ( ലൈറ്റ് എഞ്ചിനീയർ), ബിബിൻ ( വിഷ്വൽ ജോക്കി), അനീഷ്( സ്‌റ്റേജ് ടെക്ക്), ഏബൽ(ബാൻഡ് മാനേജർ), മാത്യു(ടൂർ മാനേജർ), ഗാഥ( കെ എസ് എച്ച് ടാലന്റ് മാനേജ്‌മെന്റ്) എന്നിവരായിരുന്നു മറ്റ് ബാൻഡ് അംഗങ്ങൾ.
വൈകുന്നേരം അഞ്ച് മണിയോടെ കനകക്കുന്നിന്റെ പ്രവേശന കവാടത്തിൽ അനന്തകൃഷ്ണൻ എസ്.ബി.യുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘം അവതരിപ്പിച്ച തായമ്പകം, പഞ്ചാരിമേളം, കേളി എന്നിവയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ആറ് മണിക്ക് സത്യൻ ആശാൻ കലാസമിതിയുടെ നേതൃത്വത്തിൽ നടന്ന ചെണ്ടമേളത്തോടെ ഉദ്ഘാടനദിനത്തിലെ വാദ്യമേളങ്ങൾക്ക് സമാപനമായി.
- Log in to post comments