എറിയാട് ഗ്രാമപഞ്ചായത്തിൽ സുനാമി മോക്ക് ഡ്രിൽ സെപ്റ്റംബർ 15-ന്
യുനെസ്കോ - ഐ.ഒ.സി സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി സെപ്റ്റംബർ 15-ന് വൈകീട്ട് മൂന്നിന് എറിയാട് ഗ്രാമപഞ്ചായത്തിലെ ലൈറ്റ് ഹൗസ് ഭാഗത്തായി സുനാമി മോക്ക് ഡ്രിൽ നടത്തും. ഇതിന് മുന്നോടിയായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ടേബിൾടോപ്പ് എക്സർസൈസ് (ആലോചനായോഗം) നടത്തി. ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ കെ. എസ്. നസിയ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജൻ അധ്യക്ഷത വഹിച്ചു.
സുനാമി റെഡി പ്രോഗ്രാമിനെക്കുറിച്ചും മോക്ക് ഡ്രില്ലിന്റെ അടിസ്ഥാന വിവരങ്ങളെക്കുറിച്ചും ജില്ലാ ഹസാർഡ് അനലിസ്റ്റ് ഡെസ്സി ഡേവിസ് അവതരണം നടത്തി. തുടർന്ന്, മോക്ക് ഡ്രിൽ നടത്തുന്നതിൽ വിവിധ വകുപ്പുകളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും, സുനാമി സാഹചര്യത്തിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ, ഒഴിപ്പിക്കൽ പാതകൾ, സുരക്ഷിത കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ചും വിശദമായ ചർച്ചയും സംയുക്ത സ്ഥലപരിശോധനയും നടന്നു.
യോഗത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments