Skip to main content
..

യുവ ആപ്ദാ മിത്ര' സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ദുരന്തനിവാരണ പരിശീലനം; ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

'യുവ ആപ്ദാ മിത്ര' സന്നദ്ധപ്രവര്‍ത്തകര്‍ക്കായി  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദുരന്തനിവാരണ പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. സെപ്റ്റംബര്‍ 25 വരെ നീളുന്ന പരിശീലനം ജില്ലാ ഫയര്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ കൂടുതലായും സാമൂഹിക മാധ്യമങ്ങള്‍ക്ക് പിന്നാലെ പോകുന്ന കാലഘട്ടത്തില്‍ സന്നദ്ധ സേവനത്തിനായി മുന്നോട്ട് വന്നവരുടെ സാമൂഹിക പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് കലക്ടര്‍ പറഞ്ഞു. പുതിയ തലമുറ വിലപ്പെട്ട സമയം പാഴാക്കാതെ പുത്തന്‍ നൈപുണികള്‍ ആര്‍ജിക്കണം. ഏത് പ്രതിസന്ധിഘട്ടത്തെയും കൈകാര്യം ചെയ്യാനുള്ള കരുത്ത് ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ലഭിക്കും എന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. എണ്‍പതിലേറെ സന്നദ്ധ പ്രവര്‍ത്തകരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ് സജീദ് അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ എന്‍ രാംകുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കൊല്ലം സ്റ്റേഷന്‍ ഓഫീസര്‍ ശിവകുമാര്‍ ടി, കലക്ട്രേറ്റ് ഡിഎം സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ഡോ.ബിജു ജി, ആപ്ദാ മിത്ര മാസ്റ്റര്‍ ട്രെയിനര്‍മാരായ ശരണ്യ എസ്, ഷര്‍മിള എസ്, തദ്ദേശ സ്വയംഭരണ ദുരന്ത നിവാരണ പദ്ധതി കോര്‍ഡിനേറ്റര്‍ മീനു എസ് തുടങ്ങിയവര്‍ സംസാരിച്ചു.

  കായിക ശേഷിയും സന്നദ്ധ മനോഭാവവുമുള്ള തദ്ദേശീയരെ വിദഗ്ദ്ധ പരിശീലനം നല്‍കി ദുരന്ത സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ദുരന്തനിവാരണ അതോറിറ്റി വിഭാവനം ചെയ്ത പദ്ധതിയാണ് ആപ്ദാ മിത്ര. ഇതിന്റെ തുടര്‍ച്ചയായാണ് 'യുവ ആപ്ദാ മിത്ര' പരിപാടി ആരംഭിച്ചത്. അടിക്കടിയുണ്ടാകുന്ന പ്രകൃതി - മനുഷ്യജന്യ ദുരന്തങ്ങളില്‍ പ്രാദേശിക സമൂഹങ്ങള്‍ക്ക് സഹായകരമായി ഇടപെടാന്‍ കഴിയുന്ന രീതിയില്‍ പരിശീലനം ലഭിച്ച യുവാക്കളായ സന്നദ്ധ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയാണ് 'യുവ ആപ്ദാ മിത്ര'യുടെ ലക്ഷ്യം. നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍ സി സി, മേരാ യുവ ഭാരത് (നെഹ്റു യുവ കേന്ദ്ര), ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, മറ്റ് സന്നദ്ധ സംഘങ്ങള്‍ എന്നിവയുടെ ഭാഗമായിട്ടുള്ള, 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവാക്കളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള സിലബസ് അനുസരിച്ച് അഗ്നിരക്ഷാസേന, ദുരന്തനിവാരണ വകുപ്പ്, പോലീസ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പരിശീലന പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കുന്നു. ദുരന്തമുഖങ്ങളില്‍ സ്വീകരിക്കേണ്ട മനഃശാസ്ത്ര സമീപനം, സന്നദ്ധ മനോഭാവം, ധാര്‍മ്മിക മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും ക്ലാസുകള്‍ നടക്കും.യുവജനങ്ങളെ ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുകയും പ്രാദേശിക ദുരന്തപ്രതികരണ സംവിധാനങ്ങളുമായി ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ മറ്റൊരു ലക്ഷ്യം. 2026ഓടെ രാജ്യത്ത് ദുരന്തസാധ്യത കൂടുതലുള്ള 350 ജില്ലകളിലായി രണ്ട് ലക്ഷത്തിലധികം യുവ സന്നദ്ധപ്രവര്‍ത്തകരെ പരിശീലനം നല്‍കി സജ്ജരാക്കുക വഴി ഓരോ ദുരന്ത മേഖലയിലും മിനിറ്റുകള്‍ക്കുള്ളില്‍ ഇടപെടാന്‍ കഴിയുന്ന പരിശീലനം നേടിയ വ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ 'യുവ ആപ്ദാ മിത്ര' പ
ദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
 
 

date