Skip to main content

റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ്: 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് ഇന്റലിജൻസ് & എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗം സംയുക്തമായി സതേൺ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് സേവന മേഖലയിൽ നടത്തിയ പരിശോധനയിൽ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.

സതേൺ റെയിൽവേ പരിസരങ്ങളിൽ വാഹന പാർക്കിംഗ് സേവനം നൽകുന്ന 22 നികുതിദായകരുടെ പ്രധാന വ്യാപാരസ്ഥലങ്ങളിലും വസതികളിലും അധിക വ്യാപാരസ്ഥലങ്ങളിലും ഉൾപ്പെടെ 69 സ്ഥലങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ, നികുതിദായകർ റിട്ടേണുകളിൽ കാണിച്ചിട്ടുള്ള ടേൺഓവർ യഥാർഥ സേവനങ്ങളിൽ നിന്നുള്ള ടേൺഓവറിനേക്കാൾ ഗണ്യമായി കുറവാണെന്ന് കണ്ടെത്തി. ഒന്നിലധികം ക്യുആർ കോഡുകൾ ഉപയോഗിച്ചുള്ള പണമിടപാടുകളും പരിശോധനയിൽ കണ്ടെത്തി. പരിശോധനയിൽ 42 കോടി രൂപയുടെ ടേൺഓവർ വെട്ടിപ്പും 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തി.

കെ.എസ്.ആർ.ടി.സി, ആശുപത്രികൾ, മാളുകൾ തീയേറ്ററുകൾ മുതലായ സ്ഥലങ്ങളിലെ ആയിരത്തിലധികം വാഹന പാർക്കിംഗിന്റെ വിവരങ്ങൾ സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥലങ്ങളിൽ പരിശോധന തുടരും. ഈ മേഖലയിലെ നികുതി വെട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് inform.sgst@kerala.gov.in ൽ രഹസ്യ വിവരങ്ങൾ അറിയിക്കാം. നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ അന്വേഷണവും, നടപടികളും ശക്തമായി തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു.

പി.എൻ.എക്‌സ്. 3849/2026

date