ജില്ലാ വികസന സമിതി യോഗം ചേർന്നു
ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ ജില്ലാ വികസന സമിതി യോഗം ഓൺലൈനായി ചേർന്നു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വട്ടിയൂർക്കാവ് റോഡ് വികസനവുമായി ബന്ധപ്പെട്ട തുടർപ്രവർത്തികൾ, ശ്രീകാര്യം ഫ്ളൈ ഓവറിന്റെ ഭാഗമായ സർവീസ് റോഡുകളുടെ നിർമാണം, വർക്കല ബീച്ച് സൗന്ദര്യവത്ക്കരണം എന്നിവയുടെ പ്രവർത്തന പുരോഗതി യോഗം ചർച്ച ചെയ്തു. അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുമ്പിച്ചൽകടവ് പാലത്തിന്റെ സൗന്ദര്യവത്ക്കരണവുമായി ബന്ധപ്പെട്ട വി പാർക്ക് നിർമാണം, അമ്പൂരി ഹിൽ ഏരിയ ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതി പുരോഗതി എന്നിവയും യോഗത്തിൽ വിലയിരുത്തി.
തമ്പാനൂർ രാജാജി നഗറിലെ കുടിവെളള പ്രശ്നത്തിൽ, സ്ഥലം ലഭ്യമാക്കിയാൽ ഓവർഹെഡ് ടാങ്ക് സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.ആറ്റുകാൽ ക്ഷേത്രപരിസരത്തെ തദ്ദേശ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയുള്ള അവസാനത്തെ ജില്ലാ വികസന സമിതി യോഗത്തിൽ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എ.നിസ കളക്ടർക്ക് ഉപഹാരം നൽകി. വി.മുരളീധരൻ എം.എൽ.എ, എം.പിമാരുടെയും എം.എൽ.എമാരുടെയും പ്രതിനിധികൾ, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments