Skip to main content
റെയില്‍ ഫെന്‍സിംഗ്;  വയനാട് മാതൃക ഉപയോഗപ്പെടുത്തണം: മന്ത്രി ഷിബു ബേബി ജോണ്‍

റെയില്‍ ഫെന്‍സിംഗ്;  വയനാട് മാതൃക ഉപയോഗപ്പെടുത്തണം: മന്ത്രി ഷിബു ബേബി ജോണ്‍

ആറളത്ത് ആനമതില്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി അഞ്ഞൂറ് മീറ്റര്‍ ഭാഗത്ത്സ്ഥാപിക്കുന്ന റെയില്‍ ഫെന്‍സിംഗിന്റെ നിലവിലെ രൂപകല്‍പന ഒഴിവാക്കി വയനാട്ടില്‍ പരീക്ഷിച്ച മാതൃക ഉപയോഗിക്കണമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആറളം വന്യജീവി സങ്കേതം വളയഞ്ചാല്‍ ഡോര്‍മെട്രി ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറോടെ ആനമതിലിന്റേയും വേലിയുടെയും പണി പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. ജൂണില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ആറളത്തെ വന്യജീവി മനുഷ്യ സംഘര്‍ഷം ഒഴിവാക്കുന്നതിന് വിവിധ വകുപ്പുകള്‍ തയ്യറാക്കിയ പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു. 
ആറളത്തെ ആള്‍ത്താമസമുള്ള 1300 വീടുകളില്‍ ഡിസംബര്‍ 31 നുള്ളില്‍ കുടിവെള്ള വിതരണം പൂര്‍ത്തിയാകുമെന്ന് ജലവിഭവ വകുപ്പ് പ്രതിനിധി യോഗത്തെ അറിയിച്ചു. ഇതിനായി 4.8 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ആറളം പുനരധിവാസ മേഖലയാകെ 140 കിലോമീറ്ററിനുള്ളില്‍  തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ 5 കോടി രൂപ ആവശ്യമുണ്ടെന്നും നിലവില്‍ 30 വിളക്കുകള്‍ കത്തുന്നുണ്ടെന്നും കെ.എസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ വകുപ്പ്തല ഏകോപനം ആവശ്യമുണ്ടെന്നും ടി. ആര്‍ ഡി എം , തദ്ദേശസ്വയംഭരണ വകുപ്പ് ,കെ എസ് ഇ ബി എന്നിവ കൂടിയാലോചിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നും മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസമാദ്യം തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
പട്ടികജാതി പട്ടിക വര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി, വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യന്‍, സബ് കലക്ടര്‍ രവി മീണ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എംവി സരള , ആറളം പഞ്ചായത്ത് പ്രസിഡണ്ട് വി ശോഭ,  വിവിധ വകുപ്പ് ഉദ്യോഗ സ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
44ാംമൈല്‍ ചുരമില്ലാ പാത സംബന്ധിച്ച നിവേദനം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മന്ത്രി ഷിബു ജോണിന് കൈമാറി. തുടര്‍ന്ന് ആറളം വന്യജീവി സങ്കേതത്തിനായി രൂപകല്‍പന ചെയ്ത പുതിയ ലോഗോ മന്ത്രിമാര്‍ പ്രകാശനം ചെയ്തു. ലോഗോ രൂപകല്‍പന ചെയ്ത തളിപറമ്പ് സ്വദേശി എം പി വൈഷ്ണവിനുള്ള സമ്മാനത്തുക മന്ത്രിമാര്‍ കൈമാറി. അപകടത്തില്‍ മരിച്ച താല്‍ക്കാലിക വാച്ചറും ആറളം സ്വദേശിയുമായ കെപി ബാബുവിന്റെ കുടുംബത്തിനുള്ള ധനസഹായമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ഷിബു ബേബി ജോണ്‍ ബാബുവിന്റെ കുടുംബത്തിന് നല്‍കി. സുനീഷ് വടക്കുമ്പാട് സംവിധാനം ചെയ്ത 'കാടു' സിനിമയിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടനായി ലോക സിനിമാ അവാര്‍ഡ് നേടിയ ആറളം ജി എച്ച് എസ് എസ് എഴാം ക്ലാസ് വിദ്യാര്‍ത്ഥി ഷര്‍മിത്ത് ശരതിനെ വേദിയില്‍ ആദരിച്ചു.

date