Skip to main content
..

മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം: ഭൂമി നഷ്ടമാകുന്നവരുടെ ആശങ്കകൾ പരിഹരിക്കും – കൊടിക്കുന്നിൽ സുരേഷ് എം പി

 മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം നിർമാണത്തിനായി ഭൂമി ഭാഗികമായി ഏറ്റെടുക്കുന്നതിലൂടെ ബാക്കിയാകുന്ന ഭൂമി ഉപയോഗശൂന്യമാകുന്ന ഭൂവുടമകളുടെയും നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന് ആശങ്കപ്പെടുന്നവരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി  അറിയിച്ചു.

മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കൊല്ലം കലക്ടറേറ്റിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് എം പി ഇക്കാര്യം വ്യക്തമാക്കിയത്. ഉല്ലാസ് കോവൂർ എം എൽ എ, ജില്ലാ കലക്ടർ ആനി ജൂലാ തോമസ്, ആർ ബി ഡി സി കെ ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, ഭൂവുടമകൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

റെയിൽവേ മേൽപ്പാലത്തിനായി നിലവിൽ ഏകദേശം നാല് കുടുംബങ്ങളുടെ ഭൂമിയാണ് ഭാഗികമായി ഏറ്റെടുക്കുന്നത്. എന്നാൽ ഭൂമിയുടെ ഒരു ഭാഗം മാത്രം ഏറ്റെടുക്കുന്നതോടെ ശേഷിക്കുന്ന ഭൂമി പ്രായോഗികമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്ന കുടുംബങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കണമെന്ന് എം പി യോഗത്തിൽ ആവശ്യപ്പെട്ടു.

ഭാഗികമായി ഏറ്റെടുക്കുന്ന ഭൂമിയുടെ ശേഷിക്കുന്ന ഭാഗം ഉപയോഗശൂന്യമാകുന്ന സാഹചര്യമാണെങ്കിൽ അത്തരം ഭൂമിയും കൂടി ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കണം. ഇതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും അധിക ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിക്കുകയും വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പൈലിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുമ്പോൾ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത സംബന്ധിച്ചും ഭൂവുടമകൾ ആശങ്ക ഉന്നയിച്ചു. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും നിലവിലെ സ്ഥിതി രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും, നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി യഥാർഥത്തിൽ കേടുപാടുകൾ സംഭവിക്കുന്ന വീടുകൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും എം പി ആവശ്യപ്പെട്ടു.

പദ്ധതിയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിനൊപ്പം പദ്ധതിക്കായി ഭൂമി വിട്ടുനൽകുന്ന കുടുംബങ്ങളുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടണം. വികസന പദ്ധതിയുടെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് അധിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

ഭൂവുടമകളുടെ പരാതികളും നിർദേശങ്ങളും വിശദമായി കേട്ട യോഗത്തിൽ, ഓരോ കുടുംബത്തിന്റെയും ഭൂമിയുടെ സ്ഥിതിയും ഭാഗിക ഏറ്റെടുക്കലിന് ശേഷമുള്ള ഉപയോഗസാധ്യതയും പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം സമയബന്ധിതമായി ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്യുന്നതിനൊപ്പം, പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ ഇടപെടൽ തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി വ്യക്തമാക്കി.

date