Skip to main content

യുവശക്തി 2026’ ജില്ലാതല ലഹരിവിരുദ്ധ പ്രസംഗമത്സരം: വിജയികൾക്ക് പുരസ്‌കാരം വിതരണം ചെയ്തു*

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'മയങ്ങില്ല കേരളം' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എക്സൈസ് വകുപ്പും വിമുക്തി മിഷനും കോളേജ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച 'യുവശക്തി 2026' ജില്ലാതല ലഹരിവിരുദ്ധ പ്രസംഗമത്സരം കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളേജിൽ നടന്നു. ക്യാമ്പസുകൾ ലഹരിമുക്തമാക്കുന്നതിനും വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ അവബോധം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര വിതരണവും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സിവിൽ ജഡ്ജുമായ ടി.വി. വിൻസി നിർവ്വഹിച്ചു.

മത്സരത്തിൽ ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിലെ സ്റ്റിയ ഡി സിൽവ ഒന്നാം സ്ഥാനവും, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ അനിറ്റാ ഡയസ് രണ്ടാം സ്ഥാനവും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വി.ആർ. ആര്യ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ഒന്നാം ഘട്ട കോളേജ് തല മത്സരങ്ങളിലെ വിജയികളാണ് ജില്ലാതലത്തിൽ മാറ്റുരച്ചത്. ഇവർ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിക്കും. തൃശ്ശൂർ സെന്റ് തോമസ് കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. ഇഗ്നേഷ്യസ് ആന്റണി, സൈക്കോ ലിംഗ്വിസ്റ്റിക് ചെയർ എഡിസൺ ഫ്രാൻസ്, കില റിസോഴ്സ് പേഴ്സൺ അനിത ബാബുരാജ് എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരത്തിന്റെ ആദ്യഘട്ടമായ കോളേജ് തല മത്സരം സെപ്റ്റംബർ 14ന് ജില്ലയിലെ വിവിധ കോളേജുകളിൽ നടന്നിരുന്നു.

തൃശ്ശൂർ കോളേജിയറ്റ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. ഡോ. രമ്യ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സി.കെ. സജികുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമുക്തി മാനേജരും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായ വിനീത് രവി,   സി. അച്യുതമേനോൻ ഗവ. കോളേജിലെ തണ്ടർ ക്ലബ് കോ-ഓർഡിനേറ്റർ ഡോ. ഹിയ റായ് തുടങ്ങിയവർ സംസാരിച്ചു.

date