Skip to main content

കലാകാരരും കലോത്സവങ്ങളും കലകൾക്ക് കാവൽ നിൽക്കുന്നു: മന്ത്രി എൻ. ഷംസുദ്ദീൻ

 

 

* 65 -ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ എറണാകുളത്ത്.

*20 വർഷത്തിന് ശേഷം കൗമാര കലാമാമാങ്കത്തിന് കൊച്ചിയൊരുങ്ങുന്നു

കലാകാരരും കലോത്സവങ്ങളും കലകൾക്ക് കാവൽ നിൽക്കുകയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി എൻ. ഷംസുദ്ദീൻ. അന്യാധീനപ്പെട്ടു പോയേക്കാവുന്ന പല കലാരൂപങ്ങളെയും പരിരക്ഷിക്കാനും ജനപ്രിയമാക്കാനും കലാമേളകൾക്ക് കഴിയുമെന്നും വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസത്തിൽ പാഠ്യേതര വിഷയങ്ങൾക്കും സർഗ്ഗവാസനകൾക്കും വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി എറണാകുളത്ത് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നീണ്ട 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്കൂൾ കലോത്സവത്തിന് എറണാകുളം വേദിയാകുകയാണ്. ജനുവരി 4 മുതൽ 8 വരെയുള്ള അഞ്ച് ദിവസങ്ങളിലായിട്ടാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേള സംഘടിപ്പിക്കുന്നത്. മറൈൻ ഡ്രൈവ് പ്രധാന വേദിയായും മറ്റ് 27 കേന്ദ്രങ്ങൾ ഉപവേദികളായും പ്രവർത്തിക്കും.

കേരളത്തിന്റെ അഷ്ടദിക്കുകളിൽ നിന്നുമായി 249 ഇനങ്ങളിലായി പതിനാലായിരത്തോളം കലാപ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ എറണാകുളത്തേക്ക് എത്തുന്നത്. സംസ്ഥാന കലോത്സവത്തിന് മുന്നോടിയായുള്ള സ്കൂൾ തല മത്സരങ്ങൾ സെപ്റ്റംബർ 30-നകവും, സബ് ജില്ലാ മത്സരങ്ങൾ ഒക്ടോബർ 30-നകവും, ജില്ലാതല മത്സരങ്ങൾ നവംബർ 30-നകവും പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.

കലാമേളയിൽ വിജയിക്കുന്ന കുട്ടികൾക്ക് നൽകുന്ന ഗ്രേസ് മാർക്കുകളും മന്ത്രി വ്യക്തമാക്കി. എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് 20 മാർക്കും, ബി ഗ്രേഡിന് 15 മാർക്കും, സി ഗ്രേഡിന് 10 മാർക്കും ലഭിക്കും. പാഠ്യേതര വിഷയങ്ങളിൽ കുട്ടികളുടെ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 500 കുട്ടികൾക്ക് ഒരു കായികാധ്യാപകൻ എന്നത്  300 കുട്ടികൾക്ക് ഒരു കായിക അധ്യാപകൻ എന്ന് ഇളവ് വരുത്തിയതുപോലെ,  കലാ അധ്യാപകരുടെ വിഷയത്തിലും അനുയോജ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് മന്ത്രി സൂചിപ്പിച്ചു.

നഗരത്തിലെ ഗതാഗത പ്രശ്നങ്ങളും മെട്രോ പ്രവൃത്തികളും കാരണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കൊച്ചിക്ക് നഷ്ടമായ കലോത്സവം പുതിയ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സ്വന്തം ജില്ലയിൽ തിരികെയെത്തുമ്പോൾ അത് അവിസ്മരണീയമാക്കാൻ സർവ്വവിധ പിന്തുണയും നഗരവാസികളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും പ്രതീക്ഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.

സംഘാടക സമിതി രൂപീകരണത്തിന് മുന്നോടിയായി കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിൽ നിന്ന് ടൗൺഹാൾ വരെ വിവിധ സ്‌കൂളുകളിൽ നിന്നും എത്തിയ  വിദ്യാത്ഥികൾ   പങ്കെടുത്ത  വർണാഭമായ സാംസ്കാരിക ഘോഷയാത്രയും നടന്നു. 65-ാം കലോത്സവത്തിന്റെ സൂചനയായി 65 മുത്തുക്കുടകളും നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് നിറം പകർന്നു.

യോഗത്തിൽ ടി ജെ വിനോദ് എം എൽ എ അധ്യക്ഷത വഹിച്ചു.  മന്ത്രിമാരായ വി ഇ അബ്ദുൾ ഗഫൂർ, അനൂപ് ജേക്കബ്, എം പി മാരായ ബെന്നി ബഹനാൻ , ജെബി മേത്തർ എന്നിവർ മുഖ്യാതിഥികളായി. കൊച്ചി മേയർ വി കെ മിനിമോൾ, എം എൽ എമാരായ അൻവർ സാദത്ത്, ദീപക് ജോയ്, ജില്ലാ കളക്ടർ ജി പ്രിയങ്ക , ഡെപ്യൂട്ടി മേയർ വി ആർ സുധീർ,
എ ഡി എം കെ മനോജ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ  കെ എസ് സുദർശൻ, കൊച്ചി കോർപ്പറേഷൻ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജിസ്മി ജെറാൾഡ്, ശ്രീദേവി മധു, വാർഡ് കൗൺസിലർ സുധ ദിലീപ് കുമാർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ വിജയൻ, എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, പൊതു വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ ആർ എസ് ഷിബു,
റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പി എക്സ് ബിയാട്രീസ് മരിയ, വി എച്ച് എസ് സി   എ. ഡി  പി നവീന , ഡയറ്റ് പ്രിൻസിപ്പൽ ജി എസ് ദീപ, എസ് എസ് കെ ഡി .പി .സി    പി എ റഹിം, മറ്റ് ജനപ്രതിനിധികൾ, പൗരപ്രമുഖർ, വിവിധ വകുപ്പ് മേധാവികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, വിദ്യാർഥി സംഘടനാ പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

date