വിദ്യാർത്ഥികൾ ലക്ഷ്യബോധ്യത്തോടെ മുന്നേറണം: ജില്ലാ കളക്ടർ
ജീവിതത്തിൽ വിജയം കൈവരിക്കാൻ വിദ്യാർഥികൾ കൃത്യമായ ലക്ഷ്യബോധത്തോടെ മുന്നേറണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സൗത്ത്, തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡി സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ഓൺലൈൻ തത്സമയ പ്രശ്നോത്തരി മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ.
അറിവ് നേടുന്നതിനോടൊപ്പം തന്നെ പ്രധാനമാണ് ക്ഷമയോടും ധൈര്യത്തോടും കൂടി ലക്ഷ്യത്തിലേക്ക് കുതിക്കുക എന്നത്. സിവിൽ സർവീസ്, എഞ്ചിനീയറിംഗ്, മെഡിസിൻ, ഫാഷൻ, അഗ്രികൾച്ചർ തുടങ്ങി ഏത് മേഖലയിലാകട്ടെ, സ്വന്തം താല്പര്യം തിരിച്ചറിഞ്ഞ് അതിനായി ദിവസവും കുറഞ്ഞത് 45 മിനിറ്റെങ്കിലും മാറ്റിവെച്ച് തയ്യാറെടുപ്പ് നടത്തണം. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ സന്തോഷം കണ്ടെത്താനുള്ള മനസ്സ് വളർത്തിയെടുക്കാൻ കുട്ടികൾക്ക് സാധിക്കണമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
ഹൈസ്‌കൂൾ, പ്ലസ് ടു വിദ്യാർഥികൾക്കായി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നായി 87 പേർ പങ്കെടുത്തു. ഗാന്ധിജി, സ്വാതന്ത്ര്യസമരം, ഭാരത ചരിത്രം, സമകാലിക വിഷയങ്ങൾ എന്നിവ ആസ്പദമാക്കി എട്ടു റൗണ്ടുകളിലായാണ് ക്വിസ് നടന്നത്.
ആവേശകരമായ മത്സരത്തിൽ തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രമം സ്കൂളിലെ ദേവദത്തൻ എ. എസ്. 180 മാർക്കോടെ ഒന്നാം സ്ഥാനവും, എളമക്കര ഭവൻസ് സ്‌കൂളിലെ ഡിലൻ ഡോൺ 100 മാർക്കോടെ രണ്ടാം സ്ഥാനവും, കോതമംഗലം മാർ ബേസിൽ സ്കൂളിലെ റിതിക ഷിനോജ് 70 മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഒക്ടോബർ രണ്ടിന് നടക്കുന്ന പൊതുപരിപാടിയിൽ സമ്മാനങ്ങൾ നൽകും.
ചടങ്ങിൽ കൊച്ചിൻ സൗത്ത് റോട്ടറി പ്രസിഡന്റ് രമേഷ് കുര്യൻ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. കെ. വേലായുധൻ, കോ-ഓർഡിനേറ്റർ ആർ. രഞ്ജിത്ത്, സെക്രട്ടറി ജെറി ജോൺസൺ എന്നിവർ പങ്കെടുത്തു. ഐ. എം. ജി. ഫാക്കൽറ്റിയും ഓഡിറ്റ് ഓഫീസറുമായ പി പി അജിമോൻ ക്വിസ് മാസ്റ്ററായിരുന്നു.
ഉച്ചയ്ക്ക് 1.30 ന് തിരുവാങ്കുളം എൻ. വാസുപ്പിള്ള സ്മാരക ഹാളിൽ നടന്ന വാരാഘോഷം ഉദ്ഘാടന പരിപാടി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി ജെറി ജോൺസൺ അധ്യക്ഷത വഹിച്ചു. മഹാത്മാ മാതൃഭൂമി സ്റ്റഡി സർക്കിൾ ഉപദേശക സമിതി അംഗം പി.പി അജി മോൻ മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു.
- Log in to post comments