Skip to main content

പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ; അടുത്ത വർഷം പദ്ധതി യാഥാർഥ്യമാക്കുമെന്ന് മന്ത്രി കെ.എ. തുളസി

*'സമഗ്ര 2026' രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു; 100 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തു

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് ജില്ലാ ആസ്ഥാനങ്ങളിലും തലസ്ഥാനത്തും താമസിച്ച് പഠിക്കുന്നതിനായി പ്രത്യേക പോസ്റ്റ് മെട്രിക് ഹോസ്റ്റൽ സൗകര്യം ഒരുക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് പട്ടികജാതി- പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള വിവിധ വികസന പദ്ധതികളുടെയും വായ്പാ വിതരണ പരിപാടിയുടെയും പ്രചാരണ പരിപാടിയായ 'സമഗ്ര 2026' രണ്ടാം പതിപ്പ് പാലക്കാട്ടെ പറളി കോട്ടയിൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്കായി ഹോസ്റ്റൽ സംവിധാനങ്ങൾ ഉറപ്പാക്കാൻ കേന്ദ്രമന്ത്രിയുമായും ദേശീയ കോർപ്പറേഷൻ അധികൃതരുമായും ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്നും വരും വർഷത്തിൽ തന്നെ പദ്ധതി യാഥാർഥ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിലൂടെ സാമൂഹിക ശാക്തീകരണം കൈവരിക്കുന്നതിനാണ് സർക്കാർ വിപുലമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. എറണാകുളത്ത് നടന്ന സമഗ്ര പദ്ധതിയുടെ ആദ്യഘട്ടത്തിൽ 102 കോടിയോളം രൂപ വിതരണം ചെയ്തു. ഇന്ദിരാഗാന്ധിയുടെ പേരിൽ പലിശരഹിത വായ്പ നൽകുന്ന 'പ്രിയദർശിനി വായ്പാ പദ്ധതി', സർവീസിൽ നിന്ന് വിരമിച്ചവരുടെ സ്വയംതൊഴിൽ ലക്ഷ്യമിട്ട ജീവൻ ധാര - സീനിയർ സെക്യുർ വായ്പാ പദ്ധതികൾ തുടങ്ങിയവ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സ്വയംതൊഴിലിനും ഉന്നതവിദ്യാഭ്യാസത്തിനും വിദേശപഠനത്തിനുമൊക്കെ ആവശ്യമായ സഹായങ്ങൾ കോർപ്പറേഷൻ ഉറപ്പുനൽകുന്നുണ്ട്. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പിന്നാക്കക്ഷേമ വകുപ്പും കോർപ്പറേഷനും സമർപ്പിച്ച മുഴുവൻ പദ്ധതികളും ഇതോടെ നൂറു ശതമാനം വിജയകരമായി പൂർത്തീകരിച്ചതായും മന്ത്രി അറിയിച്ചു.

തുടർന്ന് എം.എസ്.എം.ഇ മേഖയിലെ വനിതാ സംരംഭകർക്കുള്ള പ്രിയദർശിനി സ്വയംതൊഴിൽ വായ്പ പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം, സർവീസിൽ നിന്ന് വിരമിച്ചവരുടെ സ്വയംതൊഴിൽ ലക്ഷ്യമിട്ട ജീവൻ ധാര - സീനിയർ സെക്യുർ വായ്പ, മൈകോ ക്രെഡിറ്റ് വായ്പ,  വിദ്യാഭ്യാസ വായ്പ  തുടങ്ങി 100 കോടി രൂപയുടെ വായ്പകൾ മന്ത്രി വിതരണം ചെയ്തു.

ചടങ്ങിൽ വി.കെ ശ്രീകണ്ഠൻ എം.പി അധ്യക്ഷനായി. രമേശ് പിഷാരടി എം.എൽ.എ മുഖ്യാതിഥിയായി. കോർപ്പറേഷൻ എം.ഡി സബീൻ സമീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി ഉഷാകുമാരി, ഹരിത സുഭാഷ്, ഇസ്മയിൽ, ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രാമദാസ്, ഷക്കീന, നഗരസഭാ അധ്യക്ഷരായ അഡ്വ. നിർമല, ജംസിയ, മറ്റ് ത്രിതല പഞ്ചായത്ത്  പ്രതിനിധികൾ, ബി.സി.ഡി.സി ജനറൽ മാനേജർ ജി. സജിത്ത്, അസി. ജനറൽ മാനേജർ എ.ആർ ഷാജി, ജില്ലാ മാനേജർ അനിറ്റ് ജോസ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4112/2026

date