ലോകരാഷ്ട്രീയം മനസ്സിലാക്കാൻ സിനിമയെക്കാൾ മികച്ച മാധ്യമമില്ല : മന്ത്രി പി സി വിഷ്ണുനാഥ്
*ക്യാമ്പസുകളിൽ ലോകോത്തര സിനിമകളെത്തിക്കാൻ 'ക്യാമ്പസ് ഫ്ലിക്സ്' പദ്ധതിക്ക് തുടക്കം
ലോകരാഷ്ട്രീയം എങ്ങനെയൊക്കെ മാറുന്നു എന്ന് മനസ്സിലാക്കാൻ സിനിമയേക്കാൾ മികച്ച മറ്റൊരു മാധ്യമമില്ലെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. ലോകോത്തര സിനിമകൾ ക്യാമ്പസുകളിലെത്തിക്കാൻ സാംസ്‌കാരികവകുപ്പും ചലച്ചിത്ര അക്കാദമിയും സംയുക്തമായി നടപ്പിലാക്കുന്ന 'ക്യാമ്പസ് ഫ്ലിക്‌സ്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. വിമെൻസ് കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോകോത്തര ക്ലാസിക് സിനിമകളും മികച്ച ചിത്രങ്ങളും കാണാനും ആസ്വദിക്കാനുമുള്ള അവസരമൊരുക്കുന്നതിനാണ് സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രശസ്തമായ ക്യാമ്പസുകളിൽ 56 ദിവസങ്ങളിലായി ടൂറിങ് ടാക്കീസ് സഞ്ചരിച്ച് 51 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇതോടൊപ്പം ചലച്ചിത്രപ്രവർത്തകർ അണിനിരക്കുന്ന സംവാദങ്ങളും സംഘടിപ്പിക്കും. കോളേജ് വിദ്യാർഥികളിൽ സിനിമയോടുള്ള കലാ-സാംസ്‌കാരിക അവബോധവും സർഗാത്മകതയും വളർത്താൻ പദ്ധതി ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നൂറുദിന കർമപരിപാടിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പ് മറ്റു മൂന്നു പദ്ധതികൾ കൂടി നടപ്പാക്കുന്നുണ്ട്. ടൂറിസവും സംസ്‌കാരവും പ്രമേയമാക്കി മികച്ച ഷോർട്ട് ഫിലിമുകൾ നിർമിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകി മികച്ചവയ്ക്ക് അവാർഡ് നൽകും. കൂടാതെ സിനിമയ്ക്ക് വ്യാവസായിക പദവി നൽകുന്നതിനുള്ള കൂടിയാലോചനകൾ പൂർത്തിയായി വരികയാണ്. കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ 'അഷ്ടമുടി വാട്ടർ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവൽ' ഒരുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
കോളേജുകളിൽ ആരംഭിക്കുന്ന ഫിലിം ക്ലബ്ബുകളുടെ ഉദ്ഘാടനം സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ നിർവഹിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ കെ ഇമ്പശേഖർ, സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ എം. രഞ്ജിത്, യുവ ചലച്ചിത്രതാരം സംഗീത് പ്രതാപ്, സംവിധായകനും തിരക്കഥാകൃത്തുമായ ഫാസിൽ മുഹമ്മദ്, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ സാബു ശങ്കർ, വി രാഗേഷ്, വിമെൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്ര ടി നായർ, കൗൺസിലർ രാഖി രവികുമാർ തുടങ്ങിയവർ സന്നിഹിതരായി. ചലച്ചിത്ര-സാംസ്‌കാരിക പ്രവർത്തകരും വിദ്യാർഥികളും പരിപാടിയിൽ പങ്കുചേർന്നു.
പി.എൻ.എക്‌സ്. 4122/2026
- Log in to post comments