Skip to main content

കേരള ലളിതകലാ അക്കാദമിയില്‍  പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു*

 

 

കേരള ലളിതകലാ അക്കാദമിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. അക്കാദമി ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ചെയർപേഴ്സണ് ആയി  അനിമേഷന്‍ 

ചലച്ചിത്ര സംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറും എഴുത്തുകാരനുമായ പ്രൊഫ. പ്രകാശ് മൂര്‍ത്തി, വൈസ് ചെയര്‍പേഴ്‌സനായി  ചിത്രകാരനും കലാ സംഘാടകനുമായ ടി.ആര്‍. ഉദയകുമാര്‍, സെക്രട്ടറിയായി കലാകാരനും നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ വൈക്കം എം.കെ. ഷിബു എന്നിവരാണ് ചുമതലയേറ്റത്.

 

വര്‍ത്തമാനകാലത്ത് കലാസാധ്യതകള്‍ പ്രയോജനപ്പെടുത്തി അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പ്രകാശ് മൂര്‍ത്തി വ്യക്തമാക്കി. ചുമതലയേറ്റതിന് ശേഷം നടന്ന സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലളിതകലാ അക്കാദമിയുടെ മുന്‍കാല പ്രതാപവും പെരുമയും വീണ്ടെടുക്കുന്നതിനായുള്ള പരിശ്രമങ്ങള്‍ നടത്തുമെന്നും കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന സാംസ്‌കാരിക ഇടമായി ലളിതകലാ അക്കാദമിയെ മാറ്റുമെന്നും അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു അഭിപ്രായപ്പെട്ടു. കലയുടെ രാഷ്ട്രീയം മാത്രമേ അക്കാദമിയില്‍ ഉണ്ടാകൂവെന്നും എല്ലാ കലാകാരര്‍ക്കും വേണ്ടി അക്കാദമിയുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുമെന്നും വൈക്കം എം.കെ. ഷിബു പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തനത് ഫണ്ട് കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

അക്കാദമി എക്‌സിബിഷന്‍ ഓഫീസര്‍ കെ.കെ. ബാബുമോന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംഗീതനാടക അക്കാദമി നിയുക്ത സെക്രട്ടറി എന്‍.വി. പ്രദീപ് കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഹേമന്ത്കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നിരവധി കലാകാരരും സാംസ്‌കാരിക പ്രവര്‍ത്തകരും സ്വീകരണയോഗത്തില്‍ പങ്കെടുത്തു.

ചുമതലയേറ്റെടുക്കാന്‍ ഓഫീസിലെത്തിയ പുതിയ ഭാരവാഹികളെ മാനേജര്‍ ഇന്‍ ചാര്‍ജ് ബിന്ദുമോള്‍ കെ.എസ്, എക്‌സിബിഷന്‍ ഓഫീസര്‍ കെ.കെ. ബാബുമോന്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് വിജയശ്രീ പി.ബി, അസിസ്റ്റന്റ് എക്‌സിബിഷന്‍ ഓഫീസര്‍ സുഭാഷ് പി.വി, കെയര്‍ടേക്കര്‍ ഷിജിത്ത് പി. എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

date