കേര പദ്ധതി: റബര്‍ പുനര്‍നടീല്‍ കര്‍ഷകര്‍ക്ക് പരിശീലനം നടത്തി
ആധുനിക യുഗത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായി കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും, യുവാക്കളെ ഈ രംഗത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ സമൂഹം ഒന്നാകെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും രമേഷ് പിഷാരടി എം.എല്‍.എ. കൃഷി വകുപ്പ് ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തില്‍ റബര്‍ പുനര്‍ നടീലിനായുള്ള കര്‍ഷകര്‍ക്ക് സംഘടിപ്പിച്ച പരിശീലനവും രജിസ്ട്രേഷന്‍ പരിപാടിയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ ഊര്‍ജവും പുതിയ സാങ്കേതികവിദ്യകളിലെ അവരുടെ നൈപുണ്യവും കാര്‍ഷിക മേഖലയില്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും കേര പദ്ധതി അതിനൊരു മികച്ച വഴികാട്ടിയാണെന്നും എം.എല്‍.എ. പറഞ്ഞു.
ജില്ലാ വ്യവസായ കേന്ദ്രം ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്ര ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍സ് അധ്യക്ഷനായി. കേര പദ്ധതിയിലെ റബര്‍ പുനര്‍ നടീല്‍ പരിപാലന സ്‌കീമിനെക്കുറിച്ച് റബര്‍ ബോര്‍ഡ് പാലക്കാട് റീജിയണല്‍ ഓഫീസിലെ ഡെപ്യൂട്ടി റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ വത്സല മതുക്കല്‍ വിശദീകരിച്ചു. റബര്‍ ബോര്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ ഇ.എസ്.ജിഷ, ഭാരതപ്പുഴ റബേഴ്സ് മാനേജിങ് ഡയറക്ടര്‍ പി.ജെ.ഷിബു എന്നിവര്‍ സംസാരിച്ചു. കേര തൃശൂര്‍ റീജ്യണല്‍ പി.എം.യു. ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ നവാസ് പി.എം. സ്വാഗതവും കേര ആര്‍.പി.എം.യു. ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷിനോജ്.കെ.എ നന്ദിയും പറഞ്ഞു. കാലാവസ്ഥാനുസൃത റബര്‍ തൈകള്‍ വെച്ച് പിടിപ്പിക്കുന്നതിനായാണ് കേര പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ഹെക്ടറിന് എഴുപത്തയ്യായിരം രൂപ അനുവദിക്കുന്നത്. ഒരു കര്‍ഷകന് പരമാവധി രണ്ടു ഹെക്ടര്‍ വരെ ധനസഹായം അനുവദിക്കും. നൂറ്റി എഴുപതോളം കര്‍ഷകര്‍ പരിശീലനത്തില്‍ പങ്കെടുക്കുകയും പുനര്‍ നടീലിനായുള്ള രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തതായി കേര പദ്ധതി അധികൃതര്‍ അറിയിച്ചു.
- Log in to post comments