Skip to main content

സി-ഡിറ്റ് സെന്റർ ഓഫ് എക്‌സലൻസ് പ്രവർത്തനമാരംഭിച്ചു

ആനിമേഷൻ, വിഷ്വൽ എഫക്റ്റ്‌സ്, ഗെയ്മിങ്, എക്സ്റ്റൻഡഡ് റിയാലിറ്റി (AVGC-XR) സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരള സർക്കാരിന്റെ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയുടെ (സി-ഡിറ്റ്) നേതൃത്വത്തിൽ സെന്റർ ഓഫ് എക്‌സലൻസ് പ്രവർത്തനമാരംഭിച്ചു.

വിവരസാങ്കേതികവിദ്യ, നിർമിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ ആശയങ്ങളുമായി വരുന്നവർക്ക് അവസരമൊരുക്കാനും സെന്റർ ഓഫ് എക്സലൻസ് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ആനിമേഷൻ, വിഷ്വൽ എഫക്റ്റ്‌സ്, ഗെയ്മിങ്, എക്സ്റ്റൻഡഡ് റിയാലിറ്റി മേഖലകളിൽ വലിയ ആഗോള വിപണി പ്രവർത്തിക്കുന്നുണ്ട്. ഈ വിപണിയിലേക്ക് കേരളത്തിന് മികച്ച അവസരം തുറന്നു നൽകാൻ സെന്റർ ഓഫ് എക്സലൻസ് പ്രയോജനകരമാകുമെന്നും സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള ടെക്നോളജി ഹബ്ബായി കേരളത്തെ മാറ്റുക എന്ന സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായാണ് തിരുവല്ലം ചിത്രാഞ്ജലിയിലെ സി-ഡിറ്റ് കോംപ്ലക്‌സിൽ സെന്റർ പ്രവർത്തനമാരംഭിച്ചത്. AVGC-XR മേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളെ സർക്കാർ സേവനങ്ങൾ, വ്യവസായം, വിദ്യാഭ്യാസം, ടൂറിസം, പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകളുമായി ബന്ധിപ്പിക്കുകയാണ് സെന്റർ ഓഫ് എക്സലൻസിന്റെ പ്രധാന ലക്ഷ്യം.

കെഎസ്എഫ്ഡിസി ചെയർമാൻ പ്രേംകുമാർ അധ്യക്ഷനായി. സി-ഡിറ്റ് ഡയറക്ടർ ഡോ. എം. അബ്ദുൾ റഹിമാൻ സ്വാഗതമാശംസിച്ചു. ഐടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു, കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, ഐടി മിഷൻ ഡയറക്ടർ സച്ചിൻ കുമാർ യാദവ്, SAIK ഡയറക്ടർ മുകേഷ് ദേവ, സി-ഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ്. എ.കെ, നഗരസഭ കൗൺസിലർ ഷൈലജാ ദേവി തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4192/2026

date