Skip to main content

ഇടുക്കി മണ്ഡലത്തിലെ എം.പി. ഫണ്ട് പദ്ധതികളുടെ പുരോഗതി വിലയിരുത്തി

ഇടുക്കി എം.പി. അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ എം.പി. ഫണ്ട് ഉപയഗിച്ച് നിര്‍മാണം നടക്കുന്ന പദ്ധതികളുടെ പുരോഗതി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വിലയിരുത്തി. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എം.പി. ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലായുള്ള മണ്ഡലത്തിലെ പ്രവൃത്തികളുടെ ഇപ്പോഴത്തെ അവസ്ഥയും പൂര്‍ത്തീകരണം സംബന്ധിച്ച കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമം, കുടിവെള്ള ലഭ്യത, അടിസ്ഥാന സൗകര്യ വികസനം, റോഡ് നിര്‍മാണം,ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍, സ്‌കൂള്‍ ബസുകള്‍ വാങ്ങല്‍ തുടങ്ങിയ പദ്ധതികള്‍ വിലയിരുത്തി.
മറയൂര്‍ മുനിയറ ഗോത്രവര്‍ഗ്ഗ മ്യൂസിയത്തിന്റെ സിവില്‍ ജോലികള്‍  
പൂര്‍ത്തിയായെന്നും വൈദ്യുതീകരണ ജോലികള്‍ നടന്നുവരുന്നതായും ദേവികുളം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
മൂന്നാര്‍ ചൊക്കനാട് റോഡില്‍ തൂക്കുപാലം നിര്‍മിക്കുന്നതിന് പുതിയ പദ്ധതിനിര്‍ദ്ദേശം നല്‍കിയിട്ടുള്ളതിനാല്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ നിശ്ചയിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
തീര്‍പ്പാകാതെ കിടക്കുന്ന എല്ലാ വികസന പദ്ധതികളുടെയും നിര്‍മാണവും അനുബന്ധ ലൈറ്റിംഗ്, ഇലക്ട്രിക്കല്‍ പ്രവൃത്തികളും നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ എം.പി ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. പി. പ്രവീണ്‍ പങ്കെടുത്തു. എറണാകുളം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ജ്യോതിമോള്‍ ഓണ്‍ലൈനായി പങ്കെടുത്തു.
 

date