Skip to main content

കാടാമ്പുഴ 110 കെ.വി. സബ്‌സ്റ്റേഷൻ നാടിന് സമർപ്പിച്ചു

കാടാമ്പുഴയിലും പരിസര പ്രദേശങ്ങളിലും നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നതിനായി നിർമിച്ച 110 കെ.വി. സബ് സ്റ്റേഷൻ കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫ. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. മരവട്ടം എം.കെ.എച്ച്.എം.എം.എൽ.പി. സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. സുബൈർ അധ്യക്ഷത വഹിച്ചു. മലപ്പുറം ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ മിനി ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു. സബ്‌സ്റ്റേഷൻ നിർമാണത്തിൽ പങ്കുവഹിച്ച ഉദ്യോഗസ്ഥരെയും കരാറുകാരെയും ആദരിച്ചു.

 

എടയൂർ പഞ്ചായത്തിലും കോട്ടക്കൽ ടൗണിലും പുതിയ സബ്‌സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് എം.എൽ.എ. പറഞ്ഞു.

 

എം.എൽ.എ. സർക്കാരിന് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ 19.80 കോടി രൂപ ചെലവിലാണ് സബ്‌സ്റ്റേഷൻ നിർമിച്ചത്. മാറാക്കര പഞ്ചായത്തിലെ മേൽമുറി വില്ലേജിൽ മരവട്ടം ഗ്രേസ് വാലി കോളേജിന് സമീപം 115 സെന്റ് സ്ഥലം ഏറ്റെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. എടയൂർ നിരപ്പിൽനിന്ന് അഞ്ച് കിലോമീറ്റർ ദൈർഘ്യത്തിൽ 110 കെ.വി. ഡബിൾ സർക്യൂട്ട് ലൈൻ സ്ഥാപിച്ചിട്ടുണ്ട്.

 

മാറാക്കര, എടയൂർ, കുറുവ, പൊന്മള ഗ്രാമപഞ്ചായത്തുകളിലെയും കോട്ടക്കൽ നഗരസഭയിലെയും അരലക്ഷത്തിലധികം വൈദ്യുതി ഉപഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിലവിൽ ഈ പ്രദേശങ്ങളിൽ ഫീഡറുകളുടെ ദൈർഘ്യം കൂടുതലായതിനാൽ വൈദ്യുതി മുടക്കവും വിതരണനഷ്ടവും നേരിടുന്നുണ്ട്. സബ്‌സ്റ്റേഷൻ പ്രവർത്തനസജ്ജമാകുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും.

 

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.വി.ആസാദ് അജയ് , കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺമാരായ കെ.കെ. നാസർ, പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എ റഹ്‌മാൻ, എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഇന്ദിര , ജില്ലാ പഞ്ചായത്ത് മെമ്പർ വെട്ടം ആലിക്കോയ , ജില്ലാ പഞ്ചായത്ത് കാടമ്പുഴ ഡിവിഷൻ മെമ്പർ ഡോ. കെ.പി വഹീദ, മാറാക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ് ലത ടീച്ചർ, മാറാക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുഫീദ അൻവർ , കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി സുഹറാബി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ തടത്തിൽ സലീന, ജംഷീറ സജീഹ്, മറാക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ വി.മധുസൂദനൻ, എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, ചീഫ് എൻജിനീയർ ട്രാൻസ്മിഷൻ (നോർത്ത്)കെ.ഇ.സി.ബി ലിമിറ്റഡ്ഡ് ഷാജി സുധാകരൻ, ഡോ.കെ. ഷഫീഖ് മാസ്റ്റർ, അബുബക്കർ തുറക്കൽ, മുർക്കത്ത് അഹമ്മദ് മാസ്റ്റർ, കെ.പി രമേഷ് , പി.പി കുഞ്ഞിമൊയ്തു ഹാജി, കാടാമ്പുഴ മോഹനൻ, സുബ്രമണ്യൻ, പി.പി ബഷീർ, കാടാമ്പുഴ മൂസ ഹാജി, കെ.പി സുരേന്ദ്രൻ, എ. കെ. മുസ്തഫ, വി.ജയദേവൻ നായർ എന്നിവർ പങ്കെടുത്തു.

date