നൂറുദിന കർമപദ്ധതിയിലൂടെ റവന്യൂ വകുപ്പിന് മികച്ച നേട്ടം: മന്ത്രി എ.പി. അനിൽകുമാർ
സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിലൂടെ റവന്യൂ വകുപ്പിന് നിരവധി നേട്ടങ്ങൾ കൈവരിക്കാനായതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. ചെറിയമുണ്ടം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
5,000 പേർക്ക് പട്ടയം നൽകാനാണ് ലക്ഷ്യമിട്ടതെങ്കിലും 10,000 പേർക്ക് നൽകാൻ സാധിച്ചു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട 50,000 പരാതികൾക്ക് പരിഹാരം കാണാനും കഴിഞ്ഞു. ആദ്യ നൂറു ദിവസത്തിനിടെ നിരവധി പരാതികൾക്കും പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ വകുപ്പിന് സാധിച്ചതായും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസുകളെ സമ്പൂർണമായി സ്മാർട്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വില്ലേജ് ഓഫീസുകളിലെ മുഴുവൻ സേവനങ്ങളും ഓൺലൈനിലൂടെ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതി നടപ്പാകുന്നതോടെ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്മാർട്ട്ഫോൺ വഴിയോ സമയനഷ്ടമില്ലാതെ ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും. നൂറു ദിവസത്തിനകം റവന്യൂ വകുപ്പിന് ലഭിച്ച രണ്ടര ലക്ഷം അപേക്ഷകളിൽ അമ്പതിനായിരത്തോളം അപേക്ഷകൾ തീർപ്പാക്കിയതായും ബാക്കി രണ്ട് ലക്ഷം അപേക്ഷകൾ മാത്രമാണ് പൂർത്തിയാക്കാനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
സമീപത്തെ പൊന്മുണ്ടം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. പി.കെ. നവാസ് എം.എൽ.എ അധ്യക്ഷനായി. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ്, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. നാസർ, വൈസ് പ്രസിഡന്റ് കമറുന്നീസ ചക്കിയത്തിൽ, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമുക്കുട്ടി, വൈസ് പ്രസിഡന്റ് അസ്മാബി തുടങ്ങിയവർ സംസാരിച്ചു. എ.ഡി.എം പി.ഒ. സാദിഖ് സ്വാഗതവും ചെറിയമുണ്ടം വില്ലേജ് ഓഫീസർ പി. നീന നന്ദിയും പറഞ്ഞു.
- Log in to post comments