Skip to main content

മുസിരിസ് പദ്ധതിയെ ഒരു അന്താരാഷ്ട്ര ഹെറിറ്റേജ് ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റും : മുഖ്യമന്ത്രി വി ഡി സതീശൻ

മുസിരിസ് പദ്ധതിയെ ഒരു അന്താരാഷ്ട്ര ഹെറിറ്റേജ് ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നും നിലവിലെ ബോട്ട് സർവീസും കയാക്കിങ്ങും മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

മുസിരിസ് ജലയാനങ്ങളുടെ പ്രവർത്തന ഉദ്ഘാടനം നോർത്ത് പറവൂർ തട്ടുകടവ് ബോട്ട് ജെട്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഏഴിക്കര, കോട്ടപ്പുറം, അഴീക്കോട് എന്നിവിടങ്ങളിലേക്കും മൂന്ന്-നാല് നിയോജകമണ്ഡലങ്ങളിലേക്കും അവിടുത്തെ ബീച്ചുകളിലേക്കും ബോട്ട് സർവീസും കയാക്കിങ്ങും വ്യാപിപ്പിക്കും. കൊടുങ്ങല്ലൂർ, അഴീക്കോട്, കൈപ്പമംഗലം, വൈപ്പിൻ പ്രദേശങ്ങളും ഇതിന്റെ ഭാഗമായി ബന്ധിപ്പിക്കും.

ഗോതുരുത്തിലെ ചവിട്ടുനാടക കലാകേന്ദ്രം, പാരമ്പര്യ ഭക്ഷണം നൽകുന്ന റെസ്റ്റോറന്റുകൾ എന്നിവ കൂടുതൽ വികസിപ്പിക്കും. പുതിയ മ്യൂസിയങ്ങളും വാട്ടർ സ്‌പോർട്‌സ് സൗകര്യങ്ങളും സ്ഥാപിക്കും. വിനോദസഞ്ചാരികൾക്കായി പറവൂരിലും കൊടുങ്ങല്ലൂരിലും സമീപ പ്രദേശങ്ങളിലും വലിയ ഹോട്ടൽ ഗ്രൂപ്പുകളുമായി സഹകരിച്ച് പുതിയ സ്റ്റാർ ഹോട്ടലുകളും റെസ്റ്റോറന്റുകളും കൊണ്ടുവരും. തദ്ദേശവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രാദേശിക ബിസിനസുകൾ വളർത്താനും ജനപങ്കാളിത്തം ഉറപ്പാക്കും. ടൂറിസം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഉൾപ്പെടെയുള്ള മുസിരിസ് മേഖലകളിൽ വലിയ പദ്ധതികൾ മുൻഗണനയോടെ നടപ്പിലാക്കും. റോഡ് മാർഗ്ഗത്തിനും പുറമേ ഉൾനാടൻ ജലാശയങ്ങളിലൂടെ പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് മുൻപ് നടത്തിയ ബോട്ട് സർവീസുകൾ യാതൊരു മാർക്കറ്റിംഗും കൂടാതെ വലിയ ലാഭത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ സേവനങ്ങൾ നിലച്ചുപോവുകയായിരുന്നു. ഇപ്പോൾ സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം കൂടുതൽ പുതിയ ബോട്ടുകൾ എത്തിച്ച് സർവീസുകൾ പുനരാരംഭിക്കും.

ലോകത്ത് മറ്റൊരിടത്തും കാണാനാകാത്ത വിധം 2000 വർഷങ്ങൾക്ക് മുൻപേ വിദേശ രാജ്യങ്ങളുമായി പ്രതാപകരമായ ബന്ധമുണ്ടായിരുന്ന വലിയൊരു ചരിത്ര പൈതൃകമാണ് പറവൂരിനും കൊടുങ്ങല്ലൂരിനും ഇടയിലുള്ള ഈ പ്രദേശത്തിനുള്ളത്.

പഴയ കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്റെ ചേന്നമംഗലത്തുള്ള പാലിയം നാലുകെട്ടും, ഡച്ചുകാർ നിർമ്മിച്ച് തകർച്ചയുടെ വക്കിലായിരുന്ന ഡച്ച് പാലസും പുനഃസൃഷ്ടിച്ച് വലിയ മ്യൂസിയങ്ങളാക്കി മാറ്റിയെന്നും ഇനിയുമേറെ വികസനം മുസിരിസിനെ കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

​മുസിരിസ് പദ്ധതിയെ ലോക മാതൃകയാക്കി മാറ്റുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി, നിർത്തിവെച്ചിരുന്ന സർവീസുകൾ കൃത്യമായ അവലോകനങ്ങളിലൂടെ നിർദ്ദിഷ്ട സമയത്തിനും മുൻപേ പൂർത്തിയാക്കാൻ സാധിച്ചതായി മന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ
ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായി. കെ.കെ. വത്സരാജ് എം.എൽ.എ  വിശിഷ്ടാതിഥിയായി.
നോർത്ത് പറവൂർ നഗരസഭ ചെയർപേഴ്സൺ രമേശ് ഡി. കുറുപ്പ് , വൈസ് ചെയർപേഴ്സൺ ലൈജി ബിജു, ടൂറിസം വകുപ്പ് ഡയറക്ടർ എം അഞ്ജന,   ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ.എസ് ഷൈൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

date