അഞ്ചാം പനിക്കെതിരായ പ്രതിരോധം ശക്തമാക്കും; ആരോഗ്യ വകുപ്പ് പദ്ധതികളുടെ ഏകോപന യോഗം ചേർന്നു
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച ജില്ലാതല ഏകോപന യോഗം ചേർന്നു. അസിസ്റ്റന്റ് കളക്ടർ മാളവിക ജി നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ ടി സരിത കുമാരി ജില്ലയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
എച്ച്പിവി, അഞ്ചാം പനി (മീസിൽസ്) കുത്തിവെപ്പ് വിവരങ്ങൾ യോഗം അവലോകനം ചെയ്തു. ജില്ലയിൽ അഞ്ചാം പനി റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. യഥാസമയം പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കാത്തതിനാലാണ് രോഗവ്യാപനം ഉണ്ടാകുന്നത് എന്ന് യോഗം വിലയിരുത്തി. വാക്സിനേഷൻ വർദ്ധിപ്പിക്കുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.
ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മീസിൽസിന് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി ലഭ്യമാണ്. കുഞ്ഞ് ജനിച്ച് 9-12, 16-24 മാസങ്ങളില് നല്കുന്ന രണ്ട് ഡോസ് മീസല്സ് റൂബെല്ല വാക്സിനുകളിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവന് രക്ഷിക്കാനും സാധിക്കും.
എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികൾക്ക് അഞ്ച് വയസുവരെ വാക്സിൻ എടുക്കാവുന്നതാണ്. ജില്ലയിൽ ഈ വർഷം ഇതേ വരെ 161 സ്ഥിരീകരിച്ച മീസിൽസ് കേസുകളും 116 സംശയിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു മരണവും ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടതായി യോഗത്തിൽ ആരോഗ്യവകുപ്പ് അറിയിച്ചു.
ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ നവ്യ ജെ തൈക്കാട്ടിൽ, കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം മേധാവി ഡോ. കെ മോഹൻ ദാസ് നായർ, ഐ എ പി പ്രതിനിധി ഡോ. രാജേഷ്, വിദ്യാഭ്യാസ വകുപ്പ്, ഐസി ഡിഎസ്, എൽഎസ്ജിഡി, ജില്ലയിലെ ഐസിഎസ്ഇ, സി ബി എസ് ഇ സ്കൂൾ പ്രതിനിധികൾ, മറ്റ് വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments