Skip to main content

യു.ഡി.ഐ.ഡി കാർഡ് കൊടുവള്ളി ബ്ലോക്ക് തല അദാലത്ത് നാളെ മുതൽ

 

ഭിന്നശേഷിക്കാർ നേരിട്ട് ഹാജരാകേണ്ടതില്ല

ജില്ലയിലെ ഭിന്നശേഷിക്കാർക്ക് സവിശേഷ തിരിച്ചറിയൽ കാർഡായ യു.ഡി.ഐ.ഡി വേഗത്തിൽ ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക്തല അദാലത്തുകൾ സംഘടിപ്പിക്കുന്നു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകൾക്കായി ഒക്ടോബർ 15, 16, 17 തീയതികളിലായി 9.30 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ അദാലത്തുകൾ സംഘടിപ്പിക്കും. ഒക്ടോബർ 15-ന് കിഴക്കോത്തും 16- ന് പുതുപ്പാടിയിലും 17-ന് തിരുവമ്പാടിയിലും അദാലത്ത് നടക്കും. 

യു.ഡി.ഐ.ഡി കാർഡിനായി അപേക്ഷിച്ച് ഇതുവരെ കാർഡ് ലഭിക്കാത്തവർ, ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത ഭിന്നശേഷിക്കാർ, നിലവിൽ ലഭിച്ച കാർഡിൽ പേര്, വിലാസം, ജനനത്തീയതി എന്നിവയിൽ തിരുത്തൽ വരുത്തേണ്ടവർ, ഭിന്നശേഷിയുടെ ശതമാനമോ തരമോ തെറ്റായി രേഖപ്പെടുത്തിയത് ശരിയാക്കേണ്ടവർ എന്നിവർക്ക് പങ്കെടുക്കാം. 

പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ ഒറിജിനൽ, ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതിന്റെ ഒറിജിനൽ, വെള്ളക്കടലാസിൽ രേഖപ്പെടുത്തിയ വ്യക്തിയുടെ ഒപ്പ്/വിരലടയാളം എന്നീ രേഖകളാണ് ഹാജരാക്കേണ്ടത്. 

അദാലത്തിൽ ഭിന്നശേഷിയുള്ള വ്യക്തി നേരിട്ട് ഹാജരാകേണ്ടതില്ല. നിർദ്ദിഷ്ട രേഖകൾ സഹിതം പ്രതിനിധികൾ അദാലത്തിൽ പങ്കെടുത്താൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വാർഡ് മെമ്പർമാരെയോ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളെയോ ബന്ധപ്പെടേണ്ടതാണ്.

date