Skip to main content

ലഹരിവിരുദ്ധ ദേശീയ ബൈക്ക് റാലി: നാളെ (ഒക്ടോബര്‍ 15) മലപ്പുറത്ത് സ്വീകരണം നല്‍കും

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ ഏകതാനഗറില്‍ നടക്കുന്ന രാഷ്ട്രീയ ഏകതാ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ മോട്ടോര്‍ സൈക്കിള്‍ റാലിക്ക് നാളെ (ഒക്ടോബര്‍ 15) മലപ്പുറത്ത് സ്വീകരണം നല്‍കും. മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 11 മണിക്ക് കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് പരിസരത്താണ് സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

ലഹരിമുക്ത ഭാരതം എന്ന സന്ദേശം രാജ്യത്തെ യുവാക്കളിലെത്തിക്കുന്നതിനും കേരള പോലീസിന്റെ ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷന്‍ തൂഫാന്‍' പ്രചരിപ്പിക്കുന്നതിനുമായാണ് റാലി നടത്തുന്നത്. ഒക്ടോബര്‍ 13-ന് തിരുവനന്തപുരം പോലീസ് ആസ്ഥാനത്തുനിന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത റാലി, ഒക്ടോബര്‍ 26-ന് ഗുജറാത്തിലെ ഏകതാനഗറില്‍ സംഗമിക്കും.

റാലിയിലെ സേനാംഗങ്ങളെ മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ബറ്റാലിയന്‍ കമാന്‍ഡന്റ് ഇന്‍ ചാര്‍ജ് ആര്‍. രാജേഷ് സ്വീകരിക്കും. ചടങ്ങില്‍ എം.എസ്.പി. സേനാംഗങ്ങള്‍, എം.എസ്.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍.സി.സി. കേഡറ്റുകള്‍ എന്നിവര്‍ പങ്കെടുക്കും.

 

date