Skip to main content
കൊളക്കാട് - നിരപ്പേല്‍മല പാലം മന്ത്രി സണ്ണി ജോസഫ് നാടിന് സമര്‍പ്പിച്ചു

കൊളക്കാട് - നിരപ്പേല്‍മല പാലം മന്ത്രി സണ്ണി ജോസഫ് നാടിന് സമര്‍പ്പിച്ചുകൊളക്കാട് - നിരപ്പേല്‍മല പാലം മന്ത്രി സണ്ണി ജോസഫ് നാടിന് സമര്‍പ്പിച്ചു

 

അഞ്ച് റോഡുകളും മന്ത്രി ഉദ്ഘാടനം ചെയ്തു

കണിച്ചാര്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് തുക അനുവദിച്ച് നിര്‍മിച്ച കൊളക്കാട് - നിരപ്പേല്‍മല പാലം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നാടിന് സമര്‍പ്പിച്ചു. 76 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡുകളുടെ ടാറിംഗ് പ്രവൃത്തി വേഗത്തില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വലിയ റോഡുകള്‍ക്കും പാലങ്ങള്‍ക്കും പുറമെ, ഗ്രാമീണ റോഡുകളും പാലങ്ങളും നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേല്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വര്‍ഗീസ്, കണിച്ചാര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും വാര്‍ഡ് മെമ്പറുമായ ലാലി ജോസ്, പേരാവൂര്‍ പഞ്ചായത്ത് മെമ്പര്‍ ജൂബിലി ചാക്കോ, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം മൈക്കില്‍ ടി മാലത്ത്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി. എം മാണി, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ചിറ്റേരി, ജിജോ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍, നാട്ടുകാര്‍, രാഷ്ട്രീയ- സാമൂഹിക രംഗത്തെ വിവിധ ആളുകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മുഴക്കുന്ന് പാറക്കണ്ടം- കൈതച്ചാല്‍ റോഡ്, മാച്ചാല്‍- തൊണ്ടന്‍കുഴി റോഡ്, കണിച്ചാര്‍ മാവടി- കൊള്ളിക്കൊളവില്‍ റോഡ്, ചുണ്ടക്കാട്- മലയോര ഹൈവേ ലിങ്ക് റോഡ്, കേളകം കലാം ക്രോസ് റോഡ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date