ജർമനിയിൽ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഒക്ടോബർ 23ന് കൊച്ചിയിലെത്തിക്കും
ജർമനിയിലെ ബോഹും മേഖലയിലെ ബഹുനില പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്നു മലയാളികളുടെയും മൃതദേഹങ്ങൾ ഒക്ടോബർ 23ന് കൊച്ചിയിലെത്തും. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ് ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26) എന്നിവരുടെ മൃതദേഹങ്ങൾ ഒക്ടോബർ 21 ന് ഫ്രാങ്ക്ഫർട്ടിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്കും അവിടെനിന്ന് ഒക്ടോബർ 22ന് രാത്രി പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ ഒക്ടോബർ 23ന് പുലർച്ചെ കൊച്ചിയിലുമെത്തിക്കും. ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബുവിന്റെ (25) മൃതദേഹം ഒക്ടോബർ 22ന് ഫ്രാങ്ക്ഫർട്ടിൽനിന്ന് പുറപ്പെടും. ഡൽഹിയിൽനിന്ന് ഒക്ടോബർ 23ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ അന്നുതന്നെ കൊച്ചിയിലെത്തിക്കും. മൂന്ന് മൃതദേഹങ്ങളും ഒരേ ദിവസമാണ് കൊച്ചിയിലെത്തുന്നതെങ്കിലും രണ്ട് വ്യത്യസ്ത വിമാനങ്ങളിലായിരിക്കും എത്തിക്കുക. തുടർന്ന് നോർക്ക റൂട്സ് ആംബുലൻസുകളിൽ വീടുകളിലെത്തിക്കും. ദുരന്തവാർത്ത അറിഞ്ഞതുമുതൽ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് (തിരുവനന്തപുരം), കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) ബെർലിനിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് ജനറൽ ഓഫീസ്, ജർമനിയിലുളള മലയാളി സംഘടാനാ പ്രതിനിധികൾ എന്നിവരുമായി നോർക്ക റൂട്ട്‌സ് നിരന്തരം ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു ഏകോപനം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് നോർക്ക വഹിക്കും.
പി.എൻ.എക്‌സ്. 4410/2026
- Log in to post comments