Skip to main content

*പുതുക്കാട് - മുപ്ലിയം - കൊടാലി റോഡ് നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി*

പുതുക്കാട് - മുപ്ലിയം - കൊടാലി റോഡിലെ പുനർനിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു.   കൽവർട്ടുകളുടെയും ഭൂമി വിട്ടുനൽകിയ സ്ഥലങ്ങളിലെ മതിലുകളുടെയും പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്. കിഫ്ബി ഫണ്ടിൽ നിന്ന് 59.98 കോടി രൂപ ചെലവഴിച്ച് ആധുനിക എഫ്.ഡി.ആർ സാങ്കേതികവിദ്യയിലാണ് റോഡിന്റെ നിർമ്മാണം നടപ്പിലാക്കുന്നത്.

ആകെ 18 കിലോമീറ്റർ നീളത്തിലും ഒമ്പത് മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മിക്കുന്നത്. ഇതിൽ 40 കൽവർട്ടുകളും, 12 കിലോമീറ്ററോളം നീളത്തിൽ ഡ്രൈനേജുകളുടെ നിർമ്മാണവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയും ഇതിന്റെ ഭാഗമായി നടക്കും. ഇതിനുപുറമെ, 2.17 കോടി രൂപ ചെലവിൽ നേരത്തെ അനുവദിച്ച കെ.എസ്.ഇ.ബി യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തികളും പുരോഗമിച്ചുവരികയാണ്. ഗോവ ആസ്ഥാനമായുള്ള ബാബ്സ് കൺസ്ട്രക്ഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് നിർമ്മാണച്ചുമതല നിർവ്വഹിക്കുന്നത്.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി വിബി,  ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ. ഡിക്സൺ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മീന മദനൻ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടെസ്സി ജോസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date