Skip to main content

വൃത്തിയുള്ള പാതയോരങ്ങള്‍' പദ്ധതിയുമായി വെട്ടിക്കവല ഗ്രാമപഞ്ചായത്ത്

 
പാതയോരങ്ങളിലെ പുല്ലും കാടും വെട്ടിമാറ്റി വൃത്തിയുള്ളതും മനോഹരവുമായ പൊതുയിടങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 'വൃത്തിയുള്ള പാതയോരങ്ങള്‍' പദ്ധതിയുമായി വെട്ടിക്കവല ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പാതയോരങ്ങളില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്ലുകള്‍ വെട്ടിമാറ്റി പരിസരം വൃത്തിയാക്കുന്നതിനും യാത്രക്കാര്‍ക്ക് സുഗമമായ യാത്രാസാഹചര്യം ഉറപ്പാക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്.

2026-27 സാമ്പത്തിക വര്‍ഷം തനത് ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ 22 വാര്‍ഡുകളിലെ പാതയോരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്. ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് മാസത്തില്‍ പൂര്‍ത്തിയാക്കി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കും. വെട്ടിമാറ്റുന്ന പുല്ലുകള്‍ അതത് സ്ഥലങ്ങളില്‍ത്തന്നെ സംസ്‌കരിക്കും. ഓരോ വാര്‍ഡിലെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട വാര്‍ഡംഗങ്ങളാണ് നേതൃത്വം നല്‍കുന്നത്. പാതയോരങ്ങളില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതികളും പഞ്ചായത്ത് പരിധിയില്‍ നടപ്പാക്കിവരുന്നുണ്ട്.
 
പഞ്ചായത്തിലെ പാതയോരങ്ങള്‍ വൃത്തിയായി പരിപാലിക്കുന്നതിനും പൊതുയിടങ്ങളുടെ ശുചിത്വവും സൗന്ദര്യവും ഉറപ്പാക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജി അനിമോന്‍ വ്യക്തമാക്കി.
 
 

date