Skip to main content
വോട്ടര്‍പട്ടിക പുതുക്കല്‍:

വോട്ടര്‍പട്ടിക പുതുക്കല്‍: കരട് പട്ടിക നവംബര്‍ 12ന് പ്രസിദ്ധീകരിക്കും

വോട്ടര്‍പട്ടിക പ്രത്യേക പുതുക്കലിന്റെ (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2027) ഭാഗമായി നവംബര്‍ 12ന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. സുധീര്‍ അറിയിച്ചു. കരട് പ്രസിദ്ധീകരിക്കുന്നത് മുതല്‍ ഡിസംബര്‍ 11 വരെയുള്ള ദിവസങ്ങളില്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും, പേര് നീക്കം ചെയ്യാനും, ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പേരുമാറ്റാനും, തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്താനും അവസരമുണ്ട്. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോം 6 അപേക്ഷയോടൊപ്പം നല്‍കേണ്ടിയിരുന്ന അധിക ഫോം ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ എല്ലാ വില്ലേജ് ഓഫീസുകളിലും പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള 'സ്‌പെഷ്യല്‍ ഡ്രൈവ് ഫോര്‍ എന്റോള്‍മെന്റ്' നടത്തിവരുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വോട്ടര്‍പട്ടികയുടെ പ്രത്യേക പുതുക്കലുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ 1200-ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള 38 പോളിംഗ് സ്റ്റേഷനുകളില്‍ പരമാവധി വോട്ടര്‍മാരുടെ എണ്ണം 1200ല്‍ താഴെയായി ക്രമീകരിക്കും. ഇത്തരം പുനഃക്രമീകരണങ്ങള്‍ പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ പുതിയ പോളിംഗ് സ്റ്റേഷനുകള്‍ രൂപീകരിക്കും. വോട്ടര്‍മാരുടെ എണ്ണം കൂടുതലുള്ള ബൂത്തില്‍നിന്ന് തൊട്ടടുത്തുള്ള എണ്ണം കുറഞ്ഞ ബൂത്തുകളിലേക്ക് മാറ്റുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

സ്പെഷ്യല്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബര്‍ 12 മുതല്‍ ഡിസംബര്‍ 11 വരെ സ്വീകരിക്കും. ഇവയില്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 28 ആണ്. 2027 ജനുവരി 4-ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസര്‍മാര്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണം. പോളിംഗ് സ്റ്റേഷന്‍/ വോട്ടര്‍മാരുടെ പുനഃക്രമീകരണത്തില്‍ സഹകരിക്കണം. എല്ലാ രാഷ്ട്രീയകക്ഷികളും ഓരോ ബൂത്തിലും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി. ഷിബു, ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ പി.കെ. മണികണ്ഠന്‍, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. മുരളി മോഹന്‍, ആര്‍.ഡി.ഒ കെ. ദേവകി, തഹസില്‍ദാര്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date