Skip to main content

റേഷൻ കാർഡ്: സമയപരിധിയിൽ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

ഇ-കെവൈസി പ്രക്രിയയിലൂടെ റേഷൻ കാർഡുകൾ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

തുടർച്ചയായി ആറുമാസം ഉപയോഗിക്കാത്ത ഗുണഭോക്താക്കളുടെ കാർഡുകൾ താൽക്കാലികമായി റദ്ദാക്കാനും തുടർപരിശോധനയ്ക്കും വ്യവസ്ഥ ചെയ്യുന്ന 2025 ലെ ടാർഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (നിയന്ത്രണ) ഭേദഗതി ഉത്തരവ് നടപ്പാക്കുന്നതു നീട്ടി വയ്ക്കണമെന്നാണു കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷിയ്ക്ക് അയച്ച കത്തിലെ ആവശ്യം. കാർഡുകൾ റദ്ദാക്കുന്ന ഒഴിവുകളിൽ ഉൾപ്പെടുത്താനായി ഫിഫോ (ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട്) പാലിച്ച് യോഗ്യതയുള്ള കുടുംബങ്ങളുടെ വെയിറ്റിംഗ് ലിസ്റ്റ് നിലനിർത്താൻ സംസ്ഥാനത്തെ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒഴിവാക്കുന്നവരെ നിബന്ധനകൾക്കു വിധേയമായി സംസ്ഥാനത്തിന്റെ ടൈഡ് ഓവർ/നോൺ-പ്രയോറിറ്റി വിഭാഗത്തിലേക്കു താൽക്കാലികമായി മാറ്റുകയോ നിലനിർത്തുകയോ ചെയ്യാവുന്നതാണ്. റേഷൻകാർഡ്  ഉപയോഗിക്കാത്ത കാലയളവിൽ ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള (എൻഎഫ്എസ്എ) ഭക്ഷ്യധാന്യ അവകാശം പിൻവലിക്കാൻ പാടില്ല. ആധാർ, ബയോമെട്രിക് പ്രാമാണീകരണം എന്നിവയ്ക്ക് വിധേയമായി, ആവശ്യമുള്ളപ്പോഴെല്ലാം സംസ്ഥാന വിഭാഗത്തിന് കീഴിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുമെന്ന് ഉറപ്പാക്കാനാവും. നിശ്ചിത കാലയളവിനുള്ളിൽ ഇ-കെവൈസി, ഫീൽഡ് വെരിഫിക്കേഷൻ എന്നിവയിലൂടെ യോഗ്യത പുനഃപരിശോധിക്കാം. ഗുണഭോക്താവ് യോഗ്യനാണെന്നു കണ്ടെത്തിയാൽ എൻഎഫ്എസ്എ പദവി പുനഃസ്ഥാപിക്കാനാവും. യോഗ്യതയില്ലാത്ത കുടുംബങ്ങളെ ഒഴിവാക്കാക്കുമ്പോൾതന്നെ, യഥാർഥ ഗുണഭോക്താക്കളെ അബദ്ധവശാൽ ഒഴിവാക്കുന്നതു തടയുകയും എൻഎഫ്എസ്എ വിഹിതം അർഹരായ ഗുണഭോക്താക്കൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നു ഉറപ്പാക്കുകയും ചെയ്യാം.

കേരളത്തിലെ 5,370 മഞ്ഞകാർഡുകളും 38,909 പിങ്ക്കാർഡുകളും ഉൾപ്പെടുന്ന 44,279 മുൻഗണനാ കാർഡുകാരെയാണു  ആദ്യം ബാധിക്കുക. ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരാണിവർ.  ആറുമാസം റേഷൻ വാങ്ങിയിട്ടില്ലെന്നതു പൂർണ്ണമായും അവരെ അയോഗ്യരാക്കുന്നില്ല. അവരുടെ നിഷ്‌ക്രിയത്വത്തിനു പിന്നിലെ ഘടകങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്, ഇതിന് സമയമെടുക്കും. അതിനാൽ ഈ ഘട്ടത്തിൽ പെട്ടെന്ന് ഒഴിവാക്കുന്നത് അന്യായമായിരിക്കാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഏകദേശം 5,62,494 മുൻഗണനേതര റേഷൻ കാർഡുകാർ ആറു മാസത്തിലധികമായി റേഷൻ വാങ്ങിയിട്ടില്ല. ഈ കുടുംബങ്ങൾ സംസ്ഥാനത്തിന്റെ ടൈഡ് ഓവർ ക്രമീകരണത്തിന് കീഴിൽ തുടരുകയാണ്. ഇവർക്ക് ബയോമെട്രിക് പ്രാമാണീകരണം വഴി ആവശ്യമുള്ളപ്പോഴെല്ലാം ഭക്ഷ്യധാന്യങ്ങൾ ലഭിക്കും.

കാർഡുകൾ നിലനിർത്തുന്ന പക്ഷം, പകർച്ചവ്യാധി വ്യാപനം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ റേഷൻ കാർഡുകളുടെ അഭാവം മൂലം ബുദ്ധിമുട്ടേണ്ടിവരില്ല. കോവിഡ് ലോക്്ഡൗൺ സമയത്ത്, സമ്പന്നർക്കുപോലും ന്യായവില കടകൾ വഴി ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കി പ്രതിസന്ധിയെ മറികടക്കാൻ കഴിഞ്ഞുവെന്നതു ശ്രദ്ധിക്കേണ്ടതാണ്.

അതിനാൽ, ഫീൽഡ് വെരിഫിക്കേഷൻ, യോഗ്യതയുടെ പുനർമൂല്യനിർണ്ണയം എന്നിവ പൂർത്തിയാകുംവരെ, എൻഎഫ്എസ്എ, എഎവൈ, പിഎച്ച്എച്ച് റേഷൻ കാർഡുകൾ സംസ്ഥാനത്തിന്റെ ടൈഡ് ഓവർ/നോൺ-പ്രയോറിറ്റി വിഭാഗത്തിലേയ്ക്കു താൽക്കാലികമായി മാറ്റാനോ നിലനിർത്താനോ അനുവാദം നൽകണമെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്. 4445/2026

date