എറണാകുളം ജില്ലയുടെ ജൈവവൈവിധ്യ സ്പീഷീസുകളെ കണ്ടെത്താൻ ജില്ലാ പഞ്ചായത്ത്
*പൊതുജനങ്ങൾക്കും നിർദേശം നൽകാം
എറണാകുളം ജില്ലയുടെ തനത് ജൈവവൈവിധ്യ സമ്പത്ത് തിരിച്ചറിയുന്നതിനും സംരക്ഷിക്കുന്നതിനുമായി ചരിത്രപരമായ ഇടപെടലുമായി ജില്ലാ പഞ്ചായത്ത്. ജില്ലയുടെ ഔദ്യോഗിക ജൈവവൈവിധ്യ സ്പീഷീസുകളെ (Official Biodiversity Species) കണ്ടെത്തി പ്രഖ്യാപിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതിയുടെയും ജില്ലയിലെ 14 ബ്ലോക്കുകളിലെ ബ്ലോക്ക് തല ജൈവവൈവിധ്യ സമിതി (Block Level BMC) കൺവീനർമാരുടെയും സംയുക്ത യോഗം ചേർന്നു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ജൈവവൈവിധ്യ സംരക്ഷണത്തിന് മുൻഗണന നൽകണമെന്നും കാലികമായ രേഖപ്പെടുത്തലുകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (PBR) കാലികമായി പുതുക്കുവാനും, പ്രത്യേക സംരക്ഷണ പ്രാധാന്യമുള്ള പ്രദേശങ്ങളെ കണ്ടെത്തി ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങളായി (BHS) സ്ഥാപിക്കുവാനും, അടുത്ത പത്ത് വർഷത്തേക്കുള്ള സമഗ്ര പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി (LBSAP) തയ്യാറാക്കുവാനും യോഗം തീരുമാനിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജോ പറമ്പി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിംബിൾ മാഗി, സാങ്കേതിക സഹായ സമിതി അംഗങ്ങൾ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
സമിതിയുടെ തീരുമാനപ്രകാരം ജില്ലയുടെ ഔദ്യോഗിക സ്പീഷീസുകളെ തിരഞ്ഞെടുക്കുന്നതിന് പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ ഒക്ടോബർ 30 വരെ സ്വീകരിക്കും. ജില്ലയുടെ തനതായ കൃഷി പൈതൃകം, ഭക്ഷ്യസുരക്ഷ, കാർഷിക ജൈവവൈവിധ്യം എന്നിവ അടിസ്ഥാനമാക്കി കരയിലെ സസ്യം, ജലസസ്യം, വൃക്ഷം, ഔഷധ സസ്യം, പക്ഷി, മത്സ്യം, ചിത്രശലഭം, തുമ്പി, പശു, ആട്, കോഴി, തെങ്ങ്, കവുങ്ങ് തുടങ്ങിയ വിഭാഗങ്ങളിലാണ് തനത് ഇനങ്ങളെ നിർദേശിക്കേണ്ടത്. അതേസമയം ഹൈബ്രിഡ്, ജനിതകമാറ്റം വരുത്തിയവ, അധിനിവേശ ഇനങ്ങൾ, എക്സോട്ടിക് ഇനങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണമെന്നും, സ്ഥാനീയത, സംരക്ഷണ പ്രാധാന്യം, ഐ യു സി എൻ
(IUCN) സ്റ്റാറ്റസ് തുടങ്ങിയ ശാസ്ത്രീയ മാനദണ്ഡങ്ങൾ മുൻനിർത്തിയായിരിക്കണം നിർദേശങ്ങൾ നൽകേണ്ടതെന്നും പ്രസിഡന്റ് അറിയിച്ചു.
പൊതുജനങ്ങൾക്ക് തങ്ങളുടെ നിർദേശങ്ങൾ ekmdistspecies@gmail.com എന്ന ഇ-മെയിൽ വഴിയോ https://docs.google.com/forms/d/1K3tni0W9d5-Jbb0i0j92_LEEkKx1FDeyLYoL5OCL4Ek/edit?pli=1 എന്ന ഗൂഗിൾ ഫോം വഴിയോ ഒക്ടോബർ 30-നകം അയക്കാവുന്നതാണ്.
- Log in to post comments