Skip to main content

ഒക്ടോബർ 26ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒക്ടോബർ 26ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്.

ഒക്ടോബർ 27 നു  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

* മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്.

* സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി ക്യാമ്പുകളിലേക്ക് മാറണം.

* ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകലും ഉറപ്പില്ലാത്ത മേൽക്കൂരയുള്ള  വീടുകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

* സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

* നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

*വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.

* ജലാശയങ്ങളോട് ചേർന്ന റോഡുകൾ, അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകൾ എന്നിവയിലൂടെ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക.

* തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.

* ദുരന്ത സാധ്യതാ മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്.

* മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.

* കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

* വൈദ്യതി ലൈനുകൾ പൊട്ടി വീണ് അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുൻപ് വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, വിദ്യാർഥികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ  അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ കെഎസ്ഇബിയെ അറിയിക്കുക.

* അടിയന്തിര ഘട്ടങ്ങളിൽ ജില്ലാ കൺട്രോൾ റൂമുകളിൽ 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പി.എൻ.എക്‌സ്. 4479/2026

date