Skip to main content

കേരളത്തിന്റെ വ്യവസായ ചരിത്രത്തിൽ പുതിയ അധ്യായം; 'സരൾ കേരളം' ബില്ലിന് നിയമസഭയുടെ അംഗീകാരം

*ചുവപ്പുനാടകൾ കുറയും; നിക്ഷേപങ്ങൾക്ക് വേഗം പകരും, വ്യവസായ വികസനത്തിൽ നിർണായക ചുവടുവെപ്പുമായി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

           കേരളത്തെ കൂടുതൽ നിക്ഷേപസൗഹൃദവും സംരംഭകസൗഹൃദവുമാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായി വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച 'സരൾ കേരളം' ബില്ലിന് നിയമസഭയുടെ അംഗീകാരം. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനാവശ്യ കാലതാമസവും ഉദ്യോഗസ്ഥതലത്തിലെ നൂലാമാലകളും കുറച്ച്, സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന് പുതിയ വേഗം പകരാൻ ലക്ഷ്യമിടുന്ന ബിൽ കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്.

           വ്യവസായ നിക്ഷേപകർ വർഷങ്ങളായി നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് വിവിധ അനുമതികൾക്കും നടപടിക്രമങ്ങൾക്കുമായി ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്നതും ഫയലുകൾ അനാവശ്യമായി വൈകുന്നതും. ഇത്തരം തടസ്സങ്ങൾ മൂലം സംരംഭകർക്ക് സാമ്പത്തിക നഷ്ടം നേരിടുകയും പല നിക്ഷേപ പദ്ധതികളും ഉപേക്ഷിക്കേണ്ടിവരികയും ചെയ്യുന്ന സാഹചര്യം മാറ്റിയെടുക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.

           ബില്ലിലെ വ്യവസ്ഥകൾ പ്രകാരം, വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളിൽ 75 ദിവസത്തിനുള്ളിൽ അന്തിമ തീരുമാനം ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. ഇതിലൂടെ അനുമതി നടപടികളിൽ കൂടുതൽ വേഗവും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

           നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ കൂടുതൽ വ്യവസായങ്ങളെ കേരളത്തിലേക്ക് ആകർഷിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച ശക്തിപ്പെടുത്താനും ബിൽ സഹായകമാകും. വലിയ വ്യവസായ സംരംഭങ്ങൾക്കൊപ്പം ചെറുകിട സംരംഭകർക്കും യുവസംരംഭകർക്കും കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുവരാനുള്ള സാഹചര്യം ഒരുക്കുന്നതും ഇതിന്റെ പ്രധാന നേട്ടമാണ്.

           വ്യവസായ വികസനത്തിന് അനുകൂലമായ നയങ്ങൾ രൂപപ്പെടുത്തുന്നതിനൊപ്പം അവ പ്രായോഗികമായി നടപ്പാക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നതിന്റെ തെളിവാണ് ഈ നിയമനിർമാണം. നിക്ഷേപകരെ സംശയത്തോടെ കാണുന്ന സമീപനത്തിനു പകരം, നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് സംരംഭങ്ങൾ ആരംഭിക്കാൻ ആവശ്യമായ പിന്തുണ നൽകുന്ന ഭരണസംവിധാനത്തിലേക്കുള്ള മാറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

           കേരളത്തിന്റെ മാനവവിഭവശേഷിയും അടിസ്ഥാനസൗകര്യങ്ങളും പ്രയോജനപ്പെടുത്തി കൂടുതൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ കരുത്ത് പകരുന്നതാണ് 'സരൾ കേരളം'. പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ വ്യവസായ സൗഹൃദ അന്തരീക്ഷം നിയമപരമായി ശക്തിപ്പെടുത്തുന്ന ഈ നീക്കം, വികസിതവും തൊഴിൽസമൃദ്ധവുമായ കേരളത്തിലേക്കുള്ള യാത്രയിൽ നിർണായക ചുവടുവെപ്പായി മാറുമെന്നാണ് പ്രതീക്ഷ.

പി.എൻ.എക്‌സ്. 4550/2026

date