Skip to main content

'കാമ്പസ് ടു ബൂത്ത്' ക്യാമ്പയിൻ: ആർട്സ് കോളേജിൽ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിച്ചു

യുവാക്കളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ സജീവ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം തൈക്കാട് ഗവ ആർട്സ് കോളേജിൽ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിക്കുന്ന 'കാമ്പസ് ടു ബൂത്ത് – സ്റ്റെപ്പ് ഫോർവേഡ്, ഗെറ്റ് കൗണ്ടഡ്' ക്യാമ്പയിന്റെ ഭാഗമായി നടന്ന പരിപാടി കേരള ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. ഡി. സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. 

പൗരന്മാർക്ക് ലഭിച്ചിട്ടുള്ള ശക്തമായ ജനാധിപത്യ ഉപകരണമാണ് സമ്മതിദാന അവകാശമെന്നും അത് ഉത്തരവാദിത്തത്തോടെ വിനിയോഗിക്കണമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു. ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കാളികളാകുന്നതിന് വോട്ടർ പട്ടികയിൽ പേര് ചേർക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

18 വയസ് പൂർത്തിയായിട്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയാത്തവർക്ക് ഈ ക്യാമ്പയിൻ മികച്ച അവസരമാണ്. 'ECINET' ഓൺലൈൻ സംവിധാനത്തിലൂടെ എളുപ്പത്തിൽ വോട്ടർ രജിസ്ട്രേഷൻ നടത്താം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു. 

ചീഫ് ഇലക്ടറൽ ഓഫീസറുടെ നിർദേശപ്രകാരം സംസ്ഥാനത്തെ കോളേജുകൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് നവംബർ എട്ട് വരെ പ്രത്യേക വോട്ടർ എൻറോൾമെന്റ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 18 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. 17 വയസ് പൂർത്തിയായവർക്ക് 18 വയസ് തികയുന്ന മുറയ്ക്ക് പട്ടികയിൽ ഉൾപ്പെടുന്നതിനായി മുൻകൂറായി അപേക്ഷിക്കാനും അവസരമുണ്ട്. ഫോം ആറ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ വോട്ടർ രജിസ്ട്രേഷൻ പൂർത്തിയാക്കി. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനുള്ള പ്രായോഗിക ഡെമോൺസ്ട്രേഷനും സംശയനിവാരണത്തിനായി ചോദ്യോത്തര സെഷനും സംഘടിപ്പിച്ചു.

കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. അനിത കെ. അധ്യക്ഷത വഹിച്ചു. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർമാരായ ശർമിള സി., കൃഷ്ണദാസ്, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബിന്ദു പി.ജി., ഡെപ്യൂട്ടി തഹസിൽദാർ സത്യൻ, കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ് കോർഡിനേറ്ററും അധ്യാപകനുമായ ജെയിംസ് വി. ദാസ്, ക്ലബ് അംഗവും അധ്യാപകനുമായ ഡോ. വിഷ്ണു വി.എസ്., വില്ലേജ് ഓഫീസർ രാഖി ആർ.എസ്. തുടങ്ങിയവർ പങ്കെടുത്തു.

പേരൂർക്കട ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിച്ചു.

date