Skip to main content

പകർച്ചവ്യാധി പ്രതിരോധം ഊർജിതമാക്കി ആരോഗ്യവകുപ്പ്

#ജില്ലയിൽ 8.43 ലക്ഷം വീടുകളിൽ ഉറവിടനശീകരണം നടത്തി#

ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഒക്ടോബർ 20 മുതൽ നവംബർ 5 വരെ ജില്ലയിൽ 162 ഡെങ്കിപ്പനി, 25 എലിപ്പനി, 24 ചെള്ളുപനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

രോഗവ്യാപനം തടയുന്നതിനുള്ള  പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെ വിപുലമായ പ്രതിരോധ പ്രവർത്തനങ്ങളാണ്  നടപ്പാക്കുന്നത്.

കൊതുകുജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 9 മുതൽ 31 വരെ ജില്ലയിലുടനീളം നടത്തിയ ഊർജിത ഉറവിടനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 8,43,327 വീടുകളിലും 14,538 സ്ഥാപനങ്ങളിലും സന്ദർശനം നടത്തി.

പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്ത 553 പേർക്ക് നിയമനടപടികളുടെ ഭാഗമായി നോട്ടീസ് നൽകി. തുടർസന്ദർശനങ്ങളിലൂടെ പ്രശ്നബാധിത പ്രദേശങ്ങൾ കണ്ടെത്തുകയും അതിനു ശേഷം ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

രോഗബാധ റിപ്പോർട്ട് ചെയ്യുന്ന മേഖലകളിൽ ഫോഗിങ്, സ്പ്രേയിങ്, ഉറവിടനശീകരണം, ബോധവത്കരണം എന്നിവ തുടരുകയാണ്.  വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിടനശീകരണം നടത്തുന്നുണ്ട്. രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന വട്ടിയൂർക്കാവ് ഉൾപ്പെടെയുള്ള നഗരസഭാ പ്രദേശങ്ങളിൽ പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക, കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കുക, ഡ്രൈ ഡേ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക എന്നിവയിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. പനി ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.

date