Skip to main content

പേരാമ്പ്ര അപ്പോളോ ടയേഴ്‌സിലെ തൊഴിലാളികള്‍ക്ക് 14,500 രൂപ വേതന വര്‍ധനവ്

 

തൃശ്ശൂര്‍ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിലെ തൊഴിലാളികളുടെ ദീര്‍ഘകാല വേതന കരാര്‍ ഒപ്പുവെച്ചു. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ പ്രകാരം തൊഴിലാളികള്‍ക്ക് നിലവിലെ ശമ്പളത്തില്‍ 14,500 രൂപയുടെ വേതന വര്‍ധന ലഭിക്കും. എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് മാനേജ്‌മെന്റും തൊഴിലാളി യൂണിയന്‍ പ്രതിനിധികളും കരാറിലെത്തിയത്. കരാറിന്റെ ആനുകൂല്യം ഫാക്ടറിയിലെ 1,154 തൊഴിലാളികള്‍ക്ക് ലഭിക്കും.

 

തൊഴിലാളികളുടെ വേതനവും തൊഴില്‍ ആനുകൂല്യങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ കരാര്‍ യാഥാര്‍ത്ഥ്യമായത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ സുരേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ യൂണിയന്‍ പ്രതിനിധികളായ വി.ടി. ബല്‍റാം എം.എല്‍.എ (ഐ എന്‍ ടി യു സി), എം.എം. വര്‍ഗീസ്, കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ (സി ഐ ടി യു), ശിവജി സുദര്‍ശന്‍ (ബി എം എസ്), കെ.ജി. ശിവന്ദന്‍ (എ ടി ഡബ്‌ള്യു എം) എന്നിവര്‍ പങ്കെടുത്തു.

 

മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ടി. ജോര്‍ജ് ഉമ്മന്‍ (യൂണിറ്റ് ഹെഡ്), ജി. അനില്‍കുമാര്‍ (ഹെഡ് - എച്ച്.ആര്‍), പി. സനല്‍ കുമാര്‍ (ഹെഡ്- മാനുഫാക്ചറിംഗ്), കെ.കെ. വിജയകുമാര്‍ (ഡിവിഷണല്‍ ഹെഡ് - എച്ച്.ആര്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

date