Skip to main content
അഗളി സി എച്ച് സിയിൽ നടന്ന അവലോകന യോഗം 1

നവജാത ശിശു സംരക്ഷണവും പോഷകാഹാരവും ഉറപ്പുവരുത്താൻ ശക്തമായ നടപടികളുമായി ആരോഗ്യവകുപ്പ്  

അട്ടപ്പാടിയിൽ  മന്ത്രി കെ. മുരളീധരൻ്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിലവിലുള്ള തസ്തികകൾക്ക് പുറമെ കൂടുതൽ  വിദഗ്ധ ഡോക്ടർമാരെ നിയമിക്കുമെന്ന് ആരോഗ്യ -ദേവസ്വം മന്ത്രി കെ മുരളീധരൻ. ശിശുരോഗ വിദഗ്ധർ, സ്ത്രീരോഗ വിദഗ്ധർ  അനസ്തേഷ്യോളജിസ്റ്റ് എന്നിവരടങ്ങുന്ന വിദഗ്ധ ഡോക്ടർമാരെയാണ് നിമിക്കുക. നവജാതശിശു പരിചരണം, എമർജൻസി ഓപ്പറേഷൻ തിയേറ്റർ എന്നിവ ഉൾപ്പെടുന്ന പുതിയ ബ്ലോക്ക് നബാർഡിന്റെ സഹായത്തോടെ നിർമ്മിക്കും. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സന്ദർശിച്ച ശേഷം അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയും കോട്ടത്തറ ട്രൈബൽ  സ്പെഷ്യാലിറ്റി ആശുപത്രിയും സ്പോക് ആൻഡ് ഹബ് രീതിയിൽ പ്രവർത്തിക്കും. രണ്ട് ആശുപത്രികളിലെയും ശിശുരോഗ വിദഗ്ധർ തമ്മിൽ ആശയവിനിമയം നടത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനം.  തൃശ്ശൂർ മെഡിക്കൽ കോളേജിലെ റേഡിയോളജിസ്റ്റിന്റെ സേവനം എല്ലാ ആഴ്ചയിലും കോട്ടത്തറ ആശുപത്രിയിൽ ഉറപ്പുവരുത്തി കൊണ്ട് റേഡിയോളജി വിഭാഗം ശക്തമാക്കും. പീഡിയാട്രിക് ആംബുലൻസ് സംവിധാനം ഉറപ്പുവരുത്തും. തൃശ്ശൂർ മെഡിക്കൽ കോളേജുമായി ചേർന്ന് നിയോനാറ്റൽ പീഡിയാട്രിക് ഡിപ്പാർട്ട്മെന്റ് വിപുലമാക്കും. ഫീൽഡ് സ്റ്റാഫിന്റെ എണ്ണം വർദ്ധിപ്പിക്കുമെന്നും മൊബൈൽ മെഡിക്കൽ യൂണിറ്റ് സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

പട്ടികജാതി -പട്ടികവർഗ വകുപ്പ് നടപ്പിലാക്കുന്ന ജനനി ജന്മ രക്ഷാ പദ്ധതിയുടെ ഭാഗമായി  2000 രൂപ നൽകുന്നതിന് പകരം ഗർഭിണികൾക്ക്  പാകം ചെയ്ത ഭക്ഷണം നൽകുന്ന കാര്യം പരിഗണിക്കും. ഇക്കാര്യം വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്യും.

 അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലും മന്ത്രി സന്ദർശനം നടത്തുകയും അവലോകന യോഗം ചേരുകയും ചെയ്തു.
 
ജില്ലാ കളക്ടർ സുധീർ കെ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീത്ത,  ഷോളയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ചിത്ര ഡി. എസ്,  അഗളിപഞ്ചായത്ത് പ്രസിഡൻ്റ് ഷിബു സിറിയക്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.  കെ ബിന്ദു തോമസ്, വിദഗ്ധ സമിതി അംഗങ്ങളായ ഡോ. വി എച്ച് ശങ്കർ, ഡോ. ഐ റിയാസ്, ഡോ. സി ആർ രശ്മി, ഡോ. ലക്ഷ്മി എസ്, കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ,  അഗളി സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ സൂപ്രണ്ട് ഡോ. എം. രേഷ്മ,  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ അവലോകന യോഗങ്ങളിൽ പങ്കെടുത്തു.

date