Skip to main content

അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കും: മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ

*അങ്കണജ്യോതി – അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും തൃക്കാക്കരയുടെ ആദരവ് 

അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ഘട്ടംഘട്ടമായി പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്  മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ. ചെമ്പുമുക്കിൽ സംഘടിപ്പിച്ച 'അങ്കണജ്യോതി – അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും തൃക്കാക്കരയുടെ ആദരവ്' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും സ്മാർട്ട്ഫോൺ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. യൂണിഫോം വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. 

അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ വർധിപ്പിക്കാനുള്ള തീരുമാനമാണ് സർക്കാർ അധികാരമേറ്റശേഷം ആദ്യ മന്ത്രിസഭാ യോഗങ്ങളിൽ കൈക്കൊണ്ടതെന്ന് മന്ത്രി പറഞ്ഞു. അങ്കണവാടി ജീവനക്കാരും പ്രീപ്രൈമറി അധ്യാപകരുമാണ് കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും കഴിവുകൾ തിരിച്ചറിയുന്നതിലും ആരോഗ്യപരമായ വളർച്ചയിലും നിർണായക പങ്കുവഹിക്കുന്നത്. 

കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ അങ്കണവാടികളും കേന്ദ്രീകരിച്ച് കുടുംബക്ഷേമ സർവേ നടത്തും. കുടുംബങ്ങളുടെ സാഹചര്യങ്ങൾ വിലയിരുത്തി പരിചരണവും പോഷകാഹാരവും സുരക്ഷയും ആവശ്യമായ കുട്ടികളെ കണ്ടെത്തി വകുപ്പിന്റെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ കുട്ടികളെ സംരക്ഷണ കേന്ദ്രങ്ങളിലെത്തിച്ച് ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

അങ്കണവാടികളിലെ കുട്ടികൾക്കായി ത്രൈമാസ ആരോഗ്യ പരിശോധനാ പദ്ധതി ഉൾപ്പെടെ 'ബാല്യസ്പന്ദനം' പദ്ധതിയും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. പ്രദേശത്തെ മുഴുവൻ കുട്ടികളെയും പദ്ധതിയുടെ ഭാഗമാക്കാൻ അങ്കണവാടി ജീവനക്കാർ മുൻകൈയെടുക്കണമെന്നും മന്ത്രി അറിയിച്ചു.

 ചടങ്ങിൽ തൃക്കാക്കര എം എൽ എ ഉമാ തോമസ് അധ്യക്ഷത വഹിച്ചു. കൊച്ചി മേയർ അഡ്വ. വി കെ മിനിമോൾ, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ റാഷിദ്‌ ഉള്ളംപിള്ളി, ജില്ലാ കളക്ടർ ജി പ്രിയങ്ക, വാർഡ് കൗൺസിലർ റെക്സി ഷിജു, സിനിമതാരം അപർണ ബാലമുരളി, പി ടി തോമസ് ഫൗണ്ടേഷൻ അംഗം ജെയിംസ് അധികാരം, ചെമ്പുമുക്ക് സെന്റ് മൈക്കിൾ ചർച്ച് വികാരി ഫാ. ജോസഫ് തട്ടാശ്ശേരീ എന്നിവർ പങ്കെടുത്തു.

date