Skip to main content
ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച ക്യാമ്പസ് ടു ബൂത്ത് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി നിര്‍വഹിക്കുന്നു🤞

*ക്യാമ്പസ് ടു ബൂത്ത് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി *

ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സമ്മറി റിവിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പസ് ടു ബൂത്ത് പ്രത്യേക വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി നിര്‍വഹിച്ചു. പുതിയ സമ്മതിദായകരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി  യുവജനങ്ങള്‍ക്കിടയില്‍ ജനാധിപത്യ-തെരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുകയാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കാനുള്ള ഫോം ആറ് വിതരണം ചെയ്തായിരുന്നു ജില്ലാ കളക്ടര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത അര്‍ഹരായവര്‍ക്ക് ഫോം ആറ് മുഖേന പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കും. ജില്ലയിലെ കോളേജ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ക്യാമ്പയിന്റെ ഭാഗമായി 17 വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി വോട്ടര്‍ രജിസ്‌ട്രേഷന്‍ ബോധവത്കരണം നടത്തും. മുട്ടില്‍ കോളെജില്‍ നടന്ന ജില്ലാതല ക്യാമ്പെയിനില്‍ കോളെജ് പ്രിന്‍സിപ്പല്‍  സി.പി ഹേമലത  അധ്യക്ഷയായി. എ.ഡി.എം കെ അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സി.ബിജു, സ്വീപ് നോഡല്‍ ഓഫീസര്‍ തഹസില്‍ദാര്‍ പി.യു.സിതാര, ഡെപ്യൂട്ടി കളക്ടര്‍ കെ മനോജ് കുമാര്‍, തഹസില്‍ദാര്‍ എം.എസ് ശിവദാസന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

date