Skip to main content

ജില്ലാതല ആസൂത്രണ യോഗം നവംബർ ഒൻപതിന് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

ജില്ലാതല ആസൂത്രണ യോഗം നവംബർ ഒൻപതിന്

മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പതിനൊന്നാം പഞ്ചവത്സര പദ്ധതി (2027–2032) രൂപീകരണത്തിന്റെ ഭാഗമായി ജില്ലയുടെ കാഴ്ചപ്പാട് രൂപപെടുത്തുന്നതിനും വിവിധ മേഖലകളിലെ വികസന സാധ്യതകളും വെല്ലുവിളികളും വിലയിരുത്തി നിർദേശങ്ങൾ സമാഹരിക്കുന്നതിനുമായി നവംബർ ഒൻപതിന് ജില്ലാതല ആശയ രൂപീകരണ യോഗം സംഘടിപ്പിക്കും.

രണ്ട് സെഷനുകളിലായാണ് യോഗം നടക്കുക. ആദ്യ സെക്ഷൻ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിലെ മൂന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിലും രണ്ടാമത്തെ സെക്ഷൻ ഉച്ചയ്ക്ക് രണ്ടുമുതൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലുമാണ് നടക്കുക.

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ തുളസിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.

കൃഷി, വ്യവസായം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, ദാരിദ്ര്യ നിർമാർജനം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, പരിസ്ഥിതി സംരക്ഷണം, ടൂറിസം, തൊഴിൽ-നൈപുണ്യ വികസനം, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ വികസന സാധ്യതകളും പ്രശ്നങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെയും സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ തുടങ്ങിയ പിന്നാക്ക വിഭാഗക്കാരുടെയും ക്ഷേമത്തിനും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളുടെ സമഗ്ര പുരോഗതിക്കും പ്രത്യേക പരിഗണന നൽകും.

ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിഷയ വിദഗ്ധർ, അക്കാദമിക രംഗത്തെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. വിവിധ മേഖലകളിൽനിന്നുള്ള നിർദേശങ്ങളും ക്രോഡീകരിച്ച് ജില്ലയുടെ വികസന മുൻഗണനകൾ ഉൾക്കൊള്ളുന്ന സമഗ്ര വികസന കാഴ്ചപ്പാട് തയ്യാറാക്കി സംസ്ഥാന ആസൂത്രണ ബോർഡിന് സമർപ്പിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.

date