*മലയാളദിനാചരണവും ഭരണഭാഷാ വാരാഘോഷവും സമാപിച്ചു*
|
Sat 7 Nov, 18:39 (2 days ago) |
|
||
|
ജില്ലയില്‍ നവംബര്‍ ഒന്നിന് ആരംഭിച്ച മലയാളദിനാചരണവും ഭരണഭാഷാ വാരാഘോഷവും സമാപിച്ചു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഭരണഭാഷാ വാരാഘോഷത്തിൻ്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഭരണകൂടം, സാക്ഷരതാ മിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ജില്ലയില്‍ മലയാളദിനാചരണവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചത്. വാരാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ മത്സരങ്ങളും കലാപരിപാടികളും പ്രഭാഷണങ്ങളും നടത്തിയിരുന്നു.
നവംബര്‍ രണ്ടിന് തൃശ്ശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ 'എന്റെ മലയാളം- പാട്ടും വരയും' എന്ന പരിപാടിയോടെയായിരുന്നു ജില്ലയിലെ മലയാളദിനാചരണത്തിനും ഭരണഭാഷാ വാരാഘോഷത്തിനും തുടക്കം കുറിച്ചത്. 'എന്റെ മലയാളം' വിഷയമാക്കി ഗാനാലാപനത്തൊടൊപ്പം ചിത്രകാരന് ചന്ദ്രപ്രശാന്തിന്റെ തത്സമയ ചിത്രരചനയും അരങ്ങേറിയിരുന്നു.
ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സാക്ഷരതാ മിഷന്റെ 'നവചേതന' പദ്ധതിയുടെ അഞ്ചാം ഘട്ടത്തിന്റെയും 'പച്ചമലയാളം' മൂന്നാം ബാച്ചിന്റെയും ജില്ലാതല ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിച്ചു. പഠിതാവായ 62 വയസ്സുകാരി സരോജിനി അമ്മയ്ക്ക് നവചേതന പദ്ധതിയുടെ പുസ്തകങ്ങള്‍ കൈമാറിക്കൊണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
പട്ടികജാതി ഉന്നതികളിലെ നിരക്ഷരെ സാക്ഷരരാക്കുന്നതോടൊപ്പം അവര്‍ക്ക് നാലാം തരം, ഏഴാം തരം തുല്യതാ സർട്ടിഫിക്കറ്റും നല്കുന്നതിനുവേണ്ടിയുള്ള പദ്ധതിയാണ് സാക്ഷരതാ മിഷന്റെ 'നവചേതന' പദ്ധതി. ജില്ലയിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്. മലയാളം ഔദ്യോഗികമായി പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും അന്യ സംസ്ഥാനക്കാര്‍ക്കും മറ്റ് സിലബസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന പദ്ധതിയാണ് 'പച്ചമലയാളം'.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി.എസ് വിനയന്, പി.ഐ സജിത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സജി തോമസ് സ്വാഗതവും സാക്ഷരതാമിഷന്‍ ജില്ലാ അസി. കോ-ഓര്‍ഡിനേറ്റര്‍ കെ.എം സുബൈദ നന്ദിയും പറഞ്ഞു.
- Log in to post comments
